പോത്താനിക്കാട്: പുളിന്താനം ഷാപ്പുംപടിയില്‍ വാടക വീട്ടില്‍ നിന്നും 20 കിലയോളം കഞ്ചാവ് പോലീസ് പിടികൂടി. പോത്താനിക്കാട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കടവൂര്‍ നാലാം ബ്ലോക്ക് മണിപ്പാറ സ്വദേശി കീരംപാറ വീട്ടില്‍ അനൂപ് സുകുമാരന്‍ (30) ആണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. സ്ഥലത്തുനിന്ന് ഇയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇടുക്കിയില്‍ നിന്നാണ് അനൂപിന് കഞ്ചാവ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന് സഹായിച്ചവരെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചതായി അറിയുന്നു. വില്പനയ്ക്കായി മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഒരു മാസം മുമ്പാണ് അനൂപ് പോത്താനിക്കാട് സ്വകാര്യ വ്യക്തിയുടെ വീട് വാടകയ്ക്ക് എടുത്തത്. ഒറ്റപെട്ട വീടായതിനാല്‍ പരിസരവാസികള്‍ ആരും ഇവിടേയ്ക്ക് വരാറുണ്ടായിരുന്നില്ല.
ഇതു മറയാക്കിയായിരുന്നു കഞ്ചാവ് കച്ചവടം. പോത്താനിക്കാട് സബ് ഇന്‍സ്പെക്ടര്‍ റോജി ജോര്‍ജ്, സിപിഒമാരായ ദീപു പി. കൃഷ്ണന്, കെ.എ. നിയാസുദീന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നു.