നെടുങ്കണ്ടം: റവന്യു പുറന്പോക്ക് ഭൂമിയിൽ കൃഷി ചെയ്തിരുന്ന വൻ കഞ്ചാവ് തോട്ടം ഉടുന്പൻചോല എക്സൈസ് സംഘം നശിപ്പിച്ചു. പൂപ്പാറ ബോഡിമെട്ട് തലക്കുളം കോളനിക്ക് മുകൾഭാഗത്തായാണ് പുറന്പോക്ക് ഭൂമിയിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്.
22 തടങ്ങളിലായി 44 ചെടികളാണ് എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. അഞ്ചു മാസത്തോളം പ്രായമുള്ളതും അഞ്ചടിയോളം ഉയരമുള്ളതുമായിരുന്നു ചെടികൾ. കനത്ത മഴയെ അവഗണിച്ചും ചെങ്കുത്തായ സ്ഥലത്ത് സംഘം ഇന്നലെ പുലർച്ചെ മൂന്നോടെയാണ് എത്തിച്ചേർന്നത്.
പുറന്പോക്ക് ഭൂമിയിൽ വ്യാപകമായ രീതിയിൽ കഞ്ചാവ് കൃഷി ചെയ്തുവരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണു കാടു പിടിച്ചുകിടന്ന പ്രദേശത്തെ കൃഷി കണ്ടെത്തിയത്. തടങ്ങൾ എടുത്ത ശേഷം നട്ടുപിടിപ്പിച്ച ചെടികൾക്കു വളവും മറ്റും നൽകിവന്നിരുന്നു. റോഡിൽനിന്നു നോക്കിയാൽ കണ്ടെത്താൻ കഴിയാത്ത സ്ഥലത്താണു കൃഷി ചെയ്തിരുന്നത്.
പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ഇടുക്കി കഞ്ചാവിനു ഗുണമേന്മ കൂടുതലായതിനാൽ വനമേഖലകളിൽ കൃഷിചെയ്യുന്ന കഞ്ചാവ് ആന്ധ്ര, ഒറീസ എന്നീ സ്ഥലങ്ങളിൽനിന്ന് എത്തിക്കുന്ന കഞ്ചാവുമായി കൂട്ടിക്കലർത്തി ഇടുക്കി ഗോൾഡ് എന്ന പേരിൽ വലിയ വിലയ്ക്ക് വിൽപ്പന നടക്കുന്നതായും ഇതിനു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായും എക്സൈസ് അധികൃതർ പറഞ്ഞു.
പരിശോധനയിൽ ഉദ്യോഗസ്ഥരായ സേവ്യർ കടകര, ജോഷി, ഷാജി, ഷിയാദ്, രാജൻ, ഷിബു എന്നിവർ പങ്കെടുത്തു. വെട്ടിയ കഞ്ചാവ് ചെടികൾ കോടതിയിൽ ഹാജരാക്കി.