ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയകുറവ്. അഞ്ച് ഷട്ടറുകളും തുറന്നതും നീരൊഴുക്ക് കുറഞ്ഞതുമാണ് ജലനിരപ്പ് കുറയാന്‍ സഹായകരമായത്. 2401.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 2400 അടിയാകുന്നതുവരെ തുറന്ന ഷട്ടറുകള്‍ അടയ്ക്കില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. അതേസമയം ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.
അഞ്ചു ഷട്ടറുകളും തുറന്നതിനു പിന്നാലെ പെരിയാറിന്റെ തീരത്തുനിന്ന് 6500 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചെറുതോണി ടൗണും ബസ് സ്റ്റാന്റും അടക്കം വെള്ളക്കെട്ടിലാണ്. ബസ് സ്റ്റാന്റില്‍ ആറടി താഴ്ചയില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
ചെറുതോണി പാലവും അപകടാവസ്ഥയിലാണ്. എന്നാല്‍ അണക്കെട്ട് തുറന്നിട്ടും പെരിയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരാത്തത് ആശ്വാസമായി. വേലിയിറക്ക സമയത്ത് ഷട്ടര്‍ തുറന്നതിനാലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാതിരുന്നത്. ജലനിരപ്പ് രണ്ടടി ഉയര്‍ന്നെങ്കിലും നാശനഷ്ടങ്ങളൊന്നും തന്നെ കാര്യമായി റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
അതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടരുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സര്‍വ്വീസുകളില്‍ മാറ്റമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും സംഘവും ഇന്ന് പ്രളയബാധിത മേഖലകള്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കും. മുഖ്യമന്ത്രി റവന്യൂമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സംഘമാണ് സന്ദര്‍ശനം നടത്തുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 8.45 ഓടെ മുഖ്യമന്ത്രി ഇടുക്കിയിലെത്തും.
ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം 12.30ഓടുകൂടി മുഖ്യമന്ത്രി വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലെത്തും. അവിടെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം കോഴിക്കോടും തുടര്‍ന്ന് ഏറണാകുളവും സന്ദര്‍ശിക്കും. മൂന്നിടങ്ങളില്‍ സംഘം താഴെയിറങ്ങി സന്ദര്‍ശനം നടത്തും.