വിവാഹ തട്ടിപ്പുകള്‍ പലവിധമുണ്ട്. എന്നാല്‍ ഇടുക്കി സ്വദേശിനിയായ യുവതി അമേരിക്കയില്‍ പോയി നടത്തിയ ഹൈക്ലാസ് തട്ടിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. പട്ടംകോളനി സ്വദേശിനിയും നൃത്ത അധ്യാപികയുമായ യുവതി വിവാഹമോചിതയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് അമേരിക്കയില്‍ സംഗീത-നൃത്ത വിദ്യാലയം നടത്തിവന്ന അങ്കമാലി സ്വദേശിയെ വിവാഹം കഴിച്ചത്.
കുറച്ചുനാള്‍ കഴിഞ്ഞ് യുവതി വിവാഹമോചിതയല്ലെന്നും പട്ടംകോളനി സ്വദേശിയായ ആദ്യഭര്‍ത്താവുമായി ഇപ്പോഴും ബന്ധമുണ്ടെന്നും അടുത്തിടെയാണ് ഇയാളറിയുന്നത്. അമേരിക്കയിലെ നൃത്തവിദ്യാലയമടക്കം നഷ്ടപ്പെട്ട സാഹചര്യത്തിലാണു പരാതിക്കാരന് നെടുങ്കണ്ടം കോടതിയെ സമീപിച്ചത്.
2011-ല്‍ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്നപ്പോഴാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലായത്. തുടര്‍ന്ന് അമേരിക്കയിലെ നൃത്തവിദ്യാലയത്തില്‍ ജോലിയും നല്കി. ഇരുവരും പ്രണയത്തിലായതോടെ പ്രവാസി മലയാളിയുടെ ആദ്യവിവാഹ ബന്ധം വേര്‍പെടുത്തേണ്ടിവന്നു. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് മൂന്നു മക്കളുണ്ട്. തുടര്‍ന്ന് അമേരിക്കയിലെ നിയമപ്രകാരം നൃത്താധ്യാപികയെ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷം നൃത്തവിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം യുവതിക്ക് കൈമാറി.
ഇതോടെ അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രശസ്ത നൃത്ത അധ്യാപികയായി പേരെടുത്ത യുവതി തന്ത്രപരമായി ആദ്യബന്ധത്തിലെ മക്കളെയും അമേരിക്കയിലെത്തിച്ചു. അതിനിടെയാണ് ഇവര്‍ വിവാഹമോചിതയല്ലെന്ന വിവരം പ്രവാസി വ്യവസായി അറിയുന്നത്. പിന്നീട് കേസ് കൊടുത്തതോടെ കോടതി ഇടപ്പെട്ടു.