ഇടുക്കി: ജലനിരപ്പില്‍ നേരിയ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച പുലർച്ചെ വീണ്ടും തുറന്നു. ആറ് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 140.05 അടിയായതിനെ തുടര്‍ന്നാണ് നടപടി. നാല് ഷട്ടറുകള്‍ രണ്ട് അടി വീതവും രണ്ട് ഷട്ടറുകള്‍ ഒരു അടിയുമാണ് തുറന്നത്.
സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം വീതമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 673 ഘന അടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കികളയുന്നുമുണ്ട്.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.