കട്ടപ്പന: ഇടുക്കി ചെറുതോണി അണക്കെട്ടിന് ഷട്ടറുകൾ ഏഴ്. അടിയന്തരമായി തുറക്കാവുന്ന അഞ്ചു ഷട്ടറുകൾക്കു പുറമേ രണ്ടു ഷട്ടറുകൾകൂടി ചെറുതോണി അണക്കെട്ടിനുണ്ട്.
ഏഴു ഷട്ടറുകളും തുറന്നാൽ കേരളത്തിന്റെ ഭാവി പ്രവചനാതീതമാകും.
ജലാശയത്തിന്റെ അടിത്തട്ടോടു ചേർന്നാണ് (റിവർ ബഡ് ലവൽ) രണ്ടു ഷട്ടറുകൾ ഉള്ളത്. വെർട്ടിക്കൽ ഗേറ്റ് എന്നാണ് ഇതിനു പറയുന്നത്.
ആദ്യത്തെ അഞ്ചു ഷട്ടറുകൾ റേഡിയൽ ഗേറ്റുകളാണ്. 30 അടി ഉയരവും 40 അടി വീതിയുമാണ് റേഡിയൽ ഗേറ്റിനുള്ളത്. ഇത് 30 അടിവരെ ഉയർത്താം.
റേഡിയൽ ഗേറ്റുകൾ സമുദ്രനിരപ്പിൽനിന്നും 2370 അടി ഉയരത്തിലാണ്. റേഡിയൽ ഗേറ്റുകൾ തുറന്നാൽ ഡാമിന്റെ 2370 അടിക്കുമുകളിലുള്ള വെള്ളമേ പുറത്തേക്കൊഴുകൂ.
പുതിയ ഡാമുകളുടെ ഉയരം സമുദ്രനിരപ്പിൽനിന്നാണു കണക്കാക്കുന്നത്. ഡാമുകൾ തമ്മിലുള്ള താരതമ്യത്തിനാണ് സമുദ്രനിരപ്പിൽനിന്നുള്ള ഏകീകൃത അളവ് മാനദണ്ഡമാക്കിയത്.
സമുദ്രനിരപ്പിൽനിന്നും 2407 അടിയാണ് ഇടുക്കി ഡാമിന്റെ ഉയരം. തറയിൽനിന്ന് 547 അടി.
വെർട്ടിക്കൽ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത് ചെറുതോണി ഡാമിന്റെ അടിത്തട്ടിനോടു ചേർന്നാണ്.
ഡാമിലെ ജലനിരപ്പ് റേഡിയൽ ഷട്ടറുകൾ ഉയർത്തി നിയന്തിക്കാനാകാത്ത അടിയന്തരഘട്ടങ്ങളിൽ മാത്രമേ വെർട്ടിക്കൽ ഷട്ടർ തുറക്കൂ.
1981ൽ ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നപ്പോൾ പരീക്ഷണാർഥം ഒരു വെർട്ടിക്കൽ ഗേറ്റ് സെക്കൻഡുകൾ തുറന്നിരുന്നു. ഭീതിജനകമായ സാഹചര്യമാണ് അന്നുണ്ടായത്.
നിമിഷങ്ങൾക്കകംതന്നെ ഗേറ്റ് (ഷട്ടർ) അടയ്ക്കുകയും ചെയ്തു. കിലോമീറ്റർ ദൂരത്തിലാണ് വെള്ളം കുതിച്ചുചാടിയത്.
വെർട്ടിക്കൽ ഗേറ്റ് തുറക്കുന്പോൾ ഡാമിലെ ആകെ വെള്ളത്തിന്റെസമ്മർദമാണ് അവിടേക്കെത്തുക.
2018 ഓഗസ്റ്റിൽ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ റേഡിയൽ ഗേറ്റുകൾ അഞ്ചും തുറന്നത് ചരിത്രത്തിലാദ്യമായാരുന്നു. 1992 ഒക്ടോബർ 12 മുതൽ 16 വരെ മൂന്നു ഷട്ടറുകൾ തുറന്നുവച്ചിട്ടുണ്ട്.
1992 നവംബർ 17നാണ് അഞ്ചുഷട്ടറുകളും ആദ്യമായി തുറന്നത്. 17ന് രാത്രിയിലായിരുന്നു അഞ്ചാമത്തെ ഷട്ടർ (ഗേറ്റ) തുറന്നത്.
അന്നും ചെറുതോണി പാലത്തിൽ വെള്ളംകയറി. രാവിലെ നാലു ഷട്ടറുകളും താഴ്ത്തുകയും ചെയ്തു.