അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ താരമണ്ഡലങ്ങളിലൊന്നാകും ഇടുക്കി. കാരണം മറ്റൊന്നുമല്ല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കാനെത്തുമെന്ന സൂചനകള്‍ തന്നെ. കോണ്‍ഗ്രസിനുള്ളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം ഇടുക്കിയിലേക്ക് ഉമ്മന്‍ ചാണ്ടി എത്തുമെന്ന സൂചനകള്‍ ശക്തമാണ്. യുഡിഎഫ് രാഷ്ട്രീയ ചാണക്യനെ കളത്തിലിറക്കുമ്പോള്‍ മറുവശത്ത് സിറ്റിംഗ് എംപി ജോയ്സ് ജോര്‍ജിന് ഇത്തവണ സീറ്റുണ്ടാകില്ലെന്നതാണ് ലഭിക്കുന്ന വിവരങ്ങള്‍.
ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുത്തതോടെ അവരുടെ നേതാവും മുന്‍ എംപിയുമായ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കുന്നത്. അടുത്തിടെ ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. രണ്ടുതവണ ഇടുക്കിയെ പ്രതിനിധീകരിച്ച ഫ്രാന്‍സിസിന് മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. 1999ലും 2004ലുമാണ് അദേഹം പാര്‍ലമെന്റിലെത്തിയത്. 2009ല്‍ പിടി തോമസിനോട് പരാജയപ്പെട്ടു.
കഴിഞ്ഞതവണ ഹൈറേഞ്ച് സംരക്ഷ സമിതിയുടെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച ജോയ്സ് ജോര്‍ജിനെ വീണ്ടും പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സിപിഎമ്മിന്റെ ആഭ്യന്തര സര്‍വേ നിലവിലെ എംപിക്ക് തിരിച്ചടിയാകുകയായിരുന്നു. ജോയ്സിന് പകരം ഫ്രാന്‍സിസ് ജോര്‍ജ് വന്നാല്‍ കൂടുതല്‍ വിജയസാധ്യതയുണ്ടെന്ന ഘടകവും നിര്‍ണായകമായി.
മറുവശത്ത് കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി വന്നാല്‍ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച ഉമ്മന്‍ചാണ്ടി ഇത്തവണ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ്. അതുകൊണ്ട് തന്നെ കോട്ടയത്തോ ഇടുക്കിയിലോ അദേഹം മത്സരിക്കുമെന്നത് ഉറപ്പാണ്.
ഇടുക്കിക്ക് പകരം കോട്ടയത്തിലേക്ക് ഉമ്മന്‍ചാണ്ടി മാറിയാല്‍ ഇടുക്കിയിലെ സ്ഥാനാര്‍ഥിത്വം നേതൃത്വത്തിന് തലവേദനയാകും. കോട്ടയം കോണ്‍ഗ്രസിന് കിട്ടിയാല്‍ ഇടുക്കി കേരള കോണ്‍ഗ്രസിന് പോകും. മറിച്ച് ഉമ്മന്‍ചാണ്ടി ഒരിടത്തും മത്സരിക്കാതിരുന്നാല്‍ കോണ്‍ഗ്രസിനെ സ്ഥാനാര്‍ഥി മോഹികള്‍ തലപൊക്കും.
മുന്‍ ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ്, യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മാത്യു കുഴല്നാടന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എന്നിവരാണ് സീറ്റിനായി രംഗത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടി വന്നാല്‍ ഇവരെല്ലാം മാറികൊടുക്കുമെങ്കിലും മറിച്ചായാല്‍ കാര്യങ്ങള്‍ നേതൃത്വത്തിന് ദുഷ്കരമാകും.