വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ആലപ്പുഴ നീലംപേരൂര്‍ മുടിയില്‍ വിശ്വനാഥനെ (55)യാണ് തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി.അനില്‍ കുമാര്‍ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം കഠിന തടവും കൂടി അനുഭവിക്കണം. കേസില്‍ ഒന്നാം പ്രതിയായിരുന്നു മറ്റൊരു ഉദ്യോഗസ്ഥനായ അലക്‌സാണ്ടറെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്്ഥര്‍ പീഡനക്കേസില്‍ പ്രതികളായ സംഭവം വലിയ വിവാദത്തിനു വഴി തെളിച്ചിരുന്നു.
പ്രതികള്‍ പൈനാവില്‍ ജോലി ചെയ്തിരുന്ന 2009 മുതല്‍ 2011 വരെയുള്ള കാലയളവിലായിരുന്നു പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായത്. അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം. അശ്ലീല ചിത്രങ്ങള്‍ കാണിച്ച കുറ്റത്തിന് ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടു മാസം തടവും കോടതി വിധിച്ചു.
പീഡനം തുടര്‍ന്നതിനെതുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കുട്ടി ക്ലാസ് ടീച്ചറോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി മുത്തച്ഛനൊപ്പം ഇടുക്കി പോലീസില്‍ നേരിട്ടു ഹാജരായി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും അറസ്റ്റിലായതും. തൊടുപുഴ എഎസ്പി ആയിരുന്ന ആര്‍.നിശാന്തിനി ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.