നെടുങ്കണ്ടം: ഭർത്താക്കൻമാരെയും ആണ്മക്കളെയും ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കള്ളക്കേസിൽപെടുത്തി നെടുങ്കണ്ടം പോലീസ് പീഡിപ്പിക്കുന്നതായി വീട്ടമ്മമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നെടുങ്കണ്ടം ആശാരികണ്ടം പ്രദേശത്തെ വീട്ടമ്മമാരാണ് ആരോപണവുമായി എത്തിയത്. സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ പതിനഞ്ചോളം പേർക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് ചുമത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് ഇവർ എവിടെയാണെന്ന് അറിയാൻപോലും പറ്റാത്ത സാഹചര്യമാണ് തങ്ങൾക്കുള്ളതെന്നും വീട്ടമ്മമാർ പറഞ്ഞു.
പ്രദേശവാസിയായ കുന്നുംപുറത്ത് മത്തായിയും ഇലവുംകുടിയിൽ വക്കച്ചനും തമ്മിൽ വസ്തുവിന്റെ അതിരുസംബന്ധിച്ചു തർക്കമുണ്ടായിരുന്നു. 12-ന് രാത്രി വക്കച്ചന്റെ വീട്ടിൽ മത്തായിയുടെ മരുമകൻ റോയി അക്രമംനടത്തുകയും വക്കച്ചനെയും കുടുംബാംഗങ്ങളെയും മർദിക്കുകയുംചെയ്തു.
ഇവരുടെ നിലവിളികേട്ട് എത്തിയവർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ അക്രമം നടത്തിയവർക്കെതിരെ പോലീസ് നിസാര വകുപ്പുകൾപ്രകാരം കേസെടുക്കുകയാണുണ്ടായത്. ഇതു ചോദ്യംചെയ്ത് ഹരിതാ റസിഡന്റ്സ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റുചെയ്യുകയും കോടതി റിമാൻഡുചെയ്യുകയും ചെയ്തു.
ഇതിന്റെ വൈരാഗ്യംമൂലം അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പടെയുള്ളവർക്കെതിരെ കള്ളക്കേസ് നൽകി കേസെടുപ്പിച്ചിരിക്കുകയാണ്. യാതൊരു അന്വേഷണവും നടത്താതെയാണ് കേസ് ചാർജുചെയ്തിരിക്കുന്നത്. 12-ന് രാത്രി 11-ന് 15-ഓളംപേർചേർന്ന് റോയിയുടെ വീട്ടിൽ അക്രമം നടത്തിയെന്നാണ് കേസ്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ല. ഈസമയം റസിഡൻസ് അസോസിയേഷനിലെ അറുപതോളം അംഗങ്ങൾ നെടുങ്കണ്ടം പോലീസിൽ വക്കച്ചനെ അക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാൻ എത്തിയിരുന്നു.
ഇത് സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാൽ വ്യക്തമാകുമെന്ന് വീട്ടമ്മമാർ പറഞ്ഞു.
കേസിൽ നിലവിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും സത്യസന്ധനായ ഉദ്യോഗസ്ഥനെകൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്നും ഉഷ ഷാജി, ലീലാമ്മ മാത്യു, മേഴ്സി ഏലിയാസ്, മോളി വർഗീസ്, സൂസമ്മ ബേബി തുടങ്ങിയവർ ആവശ്യപ്പെട്ടു.