ഇടുക്കി: പോലീസിനെ സഹായിച്ച വയോധികനെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 15,000 രൂപ കൈക്കൂലി വാങ്ങിയ പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്ക്കര്ക്ക് സസ്പെന്ഷന്.
രണ്ട് എസ്ഐമാര്‍ക്കും ഒരു എഎസ്ഐയ്ക്കുമെതിരെയാണ് റേഞ്ച് ഐജിയുടെ നടപടി. ഗ്രേഡ് എസ്ഐമാരായ സാലി പി. ബഷീര്‍, പി.എച്ച്.ഹനീഷ്, ഗ്രേഡ് എഎസ്ഐ ബിജു പി. ജോര്‍ജ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമലാദിത്യ സസ്പെന്‍ഡ് ചെയ്തത്.
പെരുവന്താനം മുക്കുഴി സ്വദേശിയായ ശ്രീധരനെയാണ് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ കൈക്കൂലി വാങ്ങിയത്. മുണ്ടക്കയം സ്റ്റേഷനിലെ പോലീസുകാരന്റെ ഭാര്യാ പിതാവാണ് ശ്രീധരന്.
ഇതേ സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശ്രീധരന് സഹായിച്ചിരുന്നു. ഏറെക്കാലമായി വാറണ്ടായി കിടന്നിരുന്ന കേസിലെ പ്രതി തങ്ങളുടെ അടുത്ത താമസിക്കുന്നുണ്ടെന്ന് ശ്രീധരന് മരുമകന് വഴി പോലീസിനെ അറിയിച്ചു.
പോലീസെത്തി പ്രതിയെ പിടികൂടുകയും ചെയ്തു. ഇതോടെ പിടിയിലായ ആളോടൊപ്പം താമസിച്ചിരുന്ന സ്ത്രീ ശ്രീധരനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു.സംഭവത്തില്‍ ശ്രീധരന്റെ പരാതിയില്‍ നവംബര്‍ 29ന് പെരുവന്താനത്ത് കേസെടുത്തു.
എന്നാല്‍ ഇതിനെതിരേ തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സ്ത്രീ പരാതിയുമായെത്തി. പരാതിയില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കാതെ പ്രശ്നം പരിഹരിക്കുന്നത് മധ്യസ്ഥരായി മൂന്ന് ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുകയായിരുന്നു.
മാനഭംഗക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ശ്രീധരനില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങി കേസ് ഒതുക്കി. 25,000 രൂപ പരാതിക്കാരിയായ സ്ത്രീയ്ക്കും വാങ്ങികൊടുത്തു.
പരാതി പരിഹരിച്ചതിന്റെ പേരില്‍ സ്ത്രീ നല്കിയ 2000 രൂപയും ഇവര്‍ സ്വീകരിച്ചു. സംഭവം പോലീസിന് വലിയ മാനക്കേടും അവമതിപ്പും സൃഷ്ടിക്കുന്നതായി ഉത്തരവില്‍ പറയുന്നു.
സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിശദമായ അന്വേഷണം നടത്തി സ്വീകരിക്കേണ്ട ശിക്ഷാ നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.