കഴിഞ്ഞദിവസം ഇടുക്കി പൈനാവ് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയുടെ അഹങ്കാരം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത് കൊന്നത്തടി സ്വദേശിയായ സോളമന്‍ എന്ന യുവാവാണ്. ജീവനക്കാരിയായ ജീന ജോര്‍ജ് എന്ന യുവതിയാണ് നിരവധിപേര്‍ ക്യൂ നില്ക്കുന്നത് കണ്ടിട്ടും കാണാത്ത ഭാവം നടിച്ച് മറ്റു ജീവനക്കാരുമായി സല്ലപിച്ച് നിന്നത്. വീഡിയോ വൈറലായതോടെ ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും ജീനയെ പുറത്താക്കുകയും ചെയ്തു. ജീന നേരത്തെയും പ്രശ്‌നക്കാരിയായിരുന്നുവെന്ന് രോഗികളും പറയുന്നു. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് സോളമന്‍ പറയുന്നതിങ്ങനെ-
അടിമാലി കൊന്നത്തടി സ്വദേശിയായ സോളമന്‍ യാദൃശ്ചികമായാണ് ഇടുക്കിയിലെ ആശുപത്രിയില്‍ എത്തിയത്. വര്‍ഷങ്ങളായി കോഴിക്കോട് ജോലി ചെയ്തു വരികയായിരുന്ന ഈ യുവാവ് വിദേശത്ത് പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പുറത്തേക്ക് പോകുന്നതിന് മുന്‍പായി വിദേശത്ത് വാഹനം ഓടിക്കുന്നതിന് ഇന്റര്‍നാഷ്ണല്‍ ലൈസന്‍സ് എടുക്കുന്നതിനായാണ് ഇടുക്കിയിലെത്തിയത്. സര്‍ക്കാര്‍ ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്ത ഐ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായാണ് ഇടുക്കിയിലെ ആശുപത്രിയില്‍ എത്തിയത്.
താന്‍ വന്നപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് മുന്‍പില്‍ നീണ്ട ക്യൂ ആയിരുന്നെന്ന് സോളമന്‍ പറയുന്നു. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും രോഗികള്‍ക്ക് ചീട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. അവര്‍ പരസ്പരം സംസാരിയ്ക്കുന്ന തിരക്കിലായിരുന്നു. കൗണ്ടറില്‍ ജീവനക്കാരിയുണ്ടായിരുന്നെങ്കിലും ടിക്കറ്റ് കൊടുക്കുന്നുണ്ടായിരുന്നില്ല. കൈകുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരും പ്രായമായവരുമൊക്കെ ക്യൂവില്‍ നില്‍ക്കുന്നുണ്ടായിട്ടും ചീട്ട് നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളുടെ കരച്ചില്‍ ഉയര്‍ന്നിട്ട് പോലും ജീവനക്കാര്‍ സ്വന്തം തിരക്കുകളിയായിരുന്നു. ഇതോടെ താന്‍ വിവരം തിരക്കുകയായിരുന്നുവെന്ന് സോളമന്‍ പറയുന്നു.
ചോദ്യവുമായി ക്യൂവില്‍ നിന്നവര്‍ എത്തിയതോടെ ജീവനക്കാരുടെ തനി സ്വഭാവം പുറത്തായി. ഇപ്പോള്‍ ടിക്കറ്റ് നല്‍കാന്‍ തയ്യാറല്ല എന്ന നിലപാടാണ് ജീവനക്കാരി എടുത്തത്. ജീവനക്കാരിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സോളമന്‍ വീഡിയോ പകര്‍ത്തിയപ്പോള്‍ പോലിസിനെ വിളിയ്ക്കുമെന്ന നിലപാട് സ്വീകരിക്കുകയും സീറ്റില്‍ നിന്ന് ഇറങ്ങി പോവുകയുമാണ് ചെയ്തത്.
സാധാരണക്കാരായ നിരവധി രോഗികള്‍ ക്യൂവില്‍ നിന്നിട്ടും തങ്ങളുടെ സൗകര്യത്തിനനുസരിച്ച് മാത്രം ചീട്ട് നല്‍കു എന്ന ദാര്‍ഷ്ട്യമാണ് ജീവനക്കാര്‍ സ്വീകരിച്ചത്. പ്രതികരിക്കാന്‍ ഒരാള്‍ തയ്യാറായതോടെ ജനക്കൂട്ടവും പ്രതിഷേധ സ്വരമുയര്‍ത്തി. മാന്യമായി ഒരാള്‍ കാര്യം തിരക്കിയപ്പോള്‍ എന്താണ് ചീട്ട് നല്‍കാത്തതെന്ന വിശദീകരണം പോലും നല്‍കാതെ ചോദ്യം ഉയര്‍ത്തിയതുകൊണ്ട് ചീട്ട് നല്‍കുന്നില്ല എന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. പിന്നീട് ജനം പ്രതികരിക്കും എന്ന ഘട്ടം വന്നപ്പോഴാണ് ചീട്ട് വീണ്ടും നല്‍കിയത്. എന്നാല്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് പോയ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി തിരികെ എത്തിയതുമില്ല.
സംഭവം ഇത്രയൊക്കെയായിട്ടും ആശുപത്രി സൂപ്രണ്ട് വന്ന് വിവരങ്ങള്‍ തിരക്കിയില്ല എന്നും സോളമന്‍ പറയുന്നു. ഒരു ഡോക്ടര്‍മാത്രമാണ് പ്രശ്‌നം രമ്യമായി പരിഹരിച്ച് ചീട്ട് വിതരണം ആരംഭിയ്ക്കാന്‍ ഒരുക്കമായെത്തിയത്. പ്രതികരിച്ച ആളെ പോലിസില്‍ പിടിപ്പിയ്ക്കും എന്ന നിലപാടാണ് ജീവനക്കാരുടെ പക്ഷത്തു നിന്ന് ഉണ്ടായത്. യാത്രയുടെ തിരക്കിലായതിനാല്‍ പിന്നീടാണ് സോളമന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.