മൂലമറ്റം: ഇടുക്കിയിൽ രണ്ടാമതൊരു വൈദ്യുതിനിലയം സ്ഥാപിക്കാനുള്ള പദ്ധതി കെഎസ്ഇബി ഉപേക്ഷിക്കുന്നു. മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിനു സമാനമായ രീതിയിൽ പവർ ഹൗസ് നിർമിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഒരു വർഷം മുൻപ് സാധ്യതാ പഠനം നടത്തി റിപ്പോർട്ട് തയാറാക്കി കെഎസ്ഇബി ഉന്നത തലയോഗം ചർച്ച നടത്തുകയും ചെയ്തിരുന്നു. കുളമാവ് ഡാമിൽനിന്നു നാടുകാണി മല തുരന്നു പുതിയ പവർ ഹൗസിലേക്കു വെള്ളം എത്തിക്കുന്ന പദ്ധതിയാണു വിഭാവനം ചെയ്തിരുന്നത്.
നിലവിലുള്ള പവർ ഹൗസിൽനിന്ന് 500 മീറ്റർ അകലെയാണ് ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് ഉടൻ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്ന നിർദേശമാണു ചർച്ചയിലുണ്ടായത്. ഇതിനു പകരമായി കാറ്റാടി പദ്ധതിയും പുരപ്പുറ സൗരോർജ പദ്ധതിയും വഴി മൂവായിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടിക്കു വൈദ്യുതി ബോർഡ് തുടക്കം കുറിച്ചുകഴിഞ്ഞു.
പാരന്പര്യേതര സ്രോതസുകളിൽനിന്നുള്ള വൈദ്യുതി ഉത്പാദനം വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജിയുമായി അനർട്ട് ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്.ഇതിന്റെയടിസ്ഥാനത്തിൽ സംസ്ഥാനത്തെ കാറ്റിന്റെ സമഗ്രഭൂപടം തയാറാക്കും.
അഗസ്ത്യ താഴ്വര, പൊൻമുടി, അച്ചൻകോവിൽ, ആര്യങ്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക യൂണിറ്റുകൾ സ്ഥാപിച്ചു വിവരശേഖരണം നടത്തും. 1,000നും 1,500നും ഇടയിൽ മെഗാവാട്ട് വൈദ്യുതി കാറ്റാടി പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണു കരുതുന്നത്. നിലവിൽ കാറ്റാടി പദ്ധതിയിലൂടെ 70 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
ഇതിനു പുറമേ പുരപ്പുറ സൗരോർജ പദ്ധതികൂടി പൂർണ തോതിൽ യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ വർധിച്ചു വരുന്ന വൈദ്യുതിയാവശ്യത്തിനു പരിഹാരം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
ജോയി കിഴക്കേൽ