ഇടുക്കിക്കാരേ നിങ്ങളൊരു സംഭാവട്ടോ! ഓസിനൊരു ദുരിതാശ്വാസ ക്യാമ്പ് കിട്ടിയത് വസൂലാക്കി ചിലര്‍, മണ്ണിടിഞ്ഞു വരുമ്പോഴും പാറപോലെ ഉറച്ച് മറ്റുചിലര്‍, വാഴയും കോഴിയും അടിച്ചുമാറ്റി മറ്റൊരു കൂട്ടര്‍, ചില പ്രളയത്തിലെ ചില കാഴ്ചകള്‍

ഇടുക്കിക്കാര്‍ക്ക് പ്രളയം അത്ര വലിയ വലിയ സംഭവമൊന്നുമില്ല. പെരിയാര്‍ കരകവിയുമ്പോഴും മലയിടിഞ്ഞു വരുമ്പോഴും എന്താടാ ഉവ്വേയെന്ന് ചോദിച്ച് ഒരു കട്ടനും കുടിച്ച് വിശേഷം തിരക്കുന്നവരാണ് മലയോരവാസികള്‍. ഇടുക്കിയെ നടുക്കിയ പേമാരിയിലും ഇടുക്കിക്കാര്‍ തങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ തയാറായില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ കനത്ത മഴയില്‍ പലയിടത്തും ഉരുള്‍ പൊട്ടിയതോടെ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി. വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അപകട ഭീഷണിയില്‍ കഴിഞ്ഞിരുന്നവരെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പലരും മാറാന്‍ തയാറായില്ല. വളര്‍ത്തു മൃഗങ്ങളെയും മറ്റു സ്വത്തുവകകളും ഇട്ടിട്ടു പോരാന്‍ പലരും തയാറായില്ല. ഉദ്യോഗസ്ഥര്‍ പഠിച്ച പണി പലതും പ്രയോഗിച്ചിട്ടും പലരും അപകടാവസ്ഥയിലായ വീടുകളില്‍ തുടര്‍ന്നു.

മുതലാക്കി ഓസുകാര്‍

വാത്തിക്കുടി, കഞ്ഞിക്കുഴി, അടിമാലി പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പു തുറന്നപ്പോള്‍ ഓസിനു ഭക്ഷണം കഴിക്കാന്‍ എത്തിയ ചിലരെയും കാണാന്‍ കഴിഞ്ഞു. വാത്തിക്കുടി പഞ്ചായത്തിലെ ക്യംപില്‍ ആ നാട്ടുകാര്‍ക്ക് പരിചയമില്ലാത്ത ഒരാളെ നാട്ടുകാര്‍ കണ്ടു. ഇവര്‍ പോലീസിനെ വിവരം അറിയിച്ചതോടെ ഇയാളെ ചോദ്യം ചെയ്തു.

കിലോമീറ്ററുകള്‍ക്ക് അകലെ നിന്നും കനത്ത മഴയില്‍ സാഹസികമായി യാത്ര ചെയ്താണ് ഇയാള്‍ ക്യാംപിലെത്തിയത്. ഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ ക്യാംപിലെത്തിയതിന് പിന്നിലും കാരണമുണ്ട്. വീട്ടില്‍ തനിച്ചായതിനാല്‍ ഭക്ഷണത്തിന് നല്ല മുട്ടുണ്ട്.

അത്യാവശ്യം മദ്യസേവയൊക്കെ ഉള്ളയാളാണ് കഥാനായകന്‍. അതുകൊണ്ട് രണ്ടു മൂന്നു കുപ്പിയൊക്കെ എളിയില്‍ തിരുകി ക്യാംപിലെ ചിക്കനും മീനുമൊക്കെ കൂട്ടിയുള്ള ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ആശാന്‍.

വാഴവെട്ട് തകൃതി

ചെറുതോണി ഡാം തുറന്നുവിട്ടതോടെ പെരിയാറിനു അരികിലെ കൃഷിവിളകള്‍ പലതും വെള്ളത്തിനടിയിലായി. തക്കം നോക്കിയിരുന്ന കള്ളന്മാര്‍ രാത്രി വെള്ളത്തിലൂടെ ഊളിയിട്ടു പോയി മൂത്തതും മൂക്കാത്തതുമായ വാഴക്കുലകള്‍ പലതും വെട്ടിക്കൊണ്ടുപോകുകയും ചെയ്തു. ദുരിതാശ്വാസ ക്യാംപിലേക്കു പോയ വീട്ടുകാരുടെ കോഴികളെ പിടിച്ചു ചുട്ടു തിന്നവരും കുറവല്ല.

മീന്‍ പിടിത്തും ഉഷാര്‍

ഡാമില്‍ നിന്നു പുറത്തുചാടിയ മീനുകളെ വലയിലാക്കാന്‍ മത്സരിച്ച ചിലര്‍ക്കു നല്ല മീനുകളും മറ്റു പലര്‍ക്കും പോലീസിന്റെ നല്ല തല്ലും കിട്ടി. ദുരിതാശ്വാസ ക്യാംപില്‍ നിന്നു മീന്‍ പിടിക്കാന്‍ വലയുമായിറങ്ങിയ ആള്‍ക്ക് കിട്ടിയതാകട്ടെ പോലീസിന്റെ വക നല്ല തല്ലും. ഗോള്‍ഡ് ഫിഷ്, കട്‌ല, കൂരല്‍ തുടങ്ങി ധാരാളം മീന്‍ പലര്‍ക്കും കിട്ടി.

Related posts