ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: കാലവർഷം ആരംഭിക്കാൻ ഒന്നരമാസത്തോളം അവശേഷിക്കെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2342.78 അടിയായി താഴ്ന്നു.
സംഭരണ ശേഷിയുടെ 40 ശതമാനമാണിത്. 2,403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
തെരഞ്ഞെടുപ്പ്, പരീക്ഷക്കാലം,വേനൽച്ചൂട് തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ ആഴ്ചകളിൽ പ്രതിദിന വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്നിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുകയും സിബിഎസ് ഇ ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റിവയ്ക്കുകയും സമീപ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വേനൽമഴ ശക്തമാകുകയും ചെയ്തതോടെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടായി.
78.55 ദശലക്ഷം യൂണിറ്റാണ് ഇന്നലെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം.
ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഇന്നലെ രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറിനിടെ 7.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 57.69 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചു.
വൈദ്യുതി ബോർഡിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 43 ശതമാനം വെള്ളമുണ്ട്.
കാലവർഷം ആരംഭിക്കാൻ ഒന്നരമാസം അവശേഷിക്കുന്പോഴും പകുതിയോടടുത്ത് വെള്ളം അണക്കെട്ടുകളിലുള്ളതും പ്രതീക്ഷിച്ചതിലും കൂടുതൽ വേനൽമഴ ലഭിക്കുന്നതും വൈദ്യുതി ബോർഡിന് ആശ്വാസമായിട്ടുണ്ട്.
സംസ്ഥാനത്ത് ഇത്തവണ ഭേദപ്പെട്ട കാലവർഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ഒരാഴ്ചയായി ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കാറ്റുംമഴയും ഉണ്ടാകുന്നുണ്ട്.ചിലയിടങ്ങളിൽ മഴയോടൊപ്പം ആലിപ്പഴം വീഴ്ചയും ഉണ്ട്.എന്നാൽ, പദ്ധതി പ്രദേശത്ത് കാര്യമായ മഴ ലഭിക്കാത്ത സാഹചര്യമാണ്.