നെടുങ്കണ്ടം: മുണ്ടിയെരുമയിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി കല്ലാർ പുഴയിലേക്ക് മറിഞ്ഞു.
പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സമയോചിത ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവായി. അപകടം നടന്ന ഉടനെ ഇവർ പുഴയിലിറങ്ങി കാറിലുണ്ടായിരുന്ന നാലുപേരെയും രക്ഷിക്കുകയായിരുന്നു.
ഇന്നലെ രാവിലെ ഒന്പതോടെയാണ് അപകടം നടന്നത്. പെയിന്റിംഗ് തൊഴിലാളികളായ എഴുകുംവയൽ മാക്കൽ സിജു, രഞ്ജിത്ത്, കട്ടപ്പന സ്വദേശി അനി, വലിയതോവാള സ്വദേശി അപ്പു എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. സിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സിജു തന്നെയാണ് വാഹനം ഓടിച്ചിരുന്നത്.
മുണ്ടിയെരുമയിൽ പണി പൂർത്തിയാകുന്ന വീടിന്റെ പെയിന്റിംഗ് ജോലികൾക്കായാണ് ഇവർ എത്തിയത്.
മുണ്ടിയെരുമയിൽ എത്തിയശേഷം കോന്പയാർ റോഡിലെ പാലം കടന്ന് കായംകുളംപടി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട കാർ റോഡിൽ നിന്നും തെന്നിനീങ്ങി പാലത്തിനു സമീപത്തായി നിർമിച്ചിരിക്കുന്ന കൽക്കെട്ടിലേക്ക് പതിച്ചു.
ഇവിടെനിന്നും വാഹനം തലകുത്തി മറിഞ്ഞ് പുഴയിലേക്ക് പതിക്കുകയായിരുന്നു. അപകടസമയം പാലത്തിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ഓടിയെത്തിയത്.
വാഹനം തലകീഴായി വെള്ളത്തിൽ മുങ്ങിയതോടെ ഓട്ടോറിക്ഷ തൊഴിലാളികളായ സലാം, മോനിച്ചൻ, ഷാജി, മുണ്ടിയെരുമയിലെ ലോട്ടറി വിൽപനക്കാരനായ അഭിലാഷ് എന്നിവർ പുഴയിലേക്ക് ചാടി.
വാഹനത്തിന്റെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാലുപേരും കൂടി വാഹനം വെള്ളത്തിൽനിന്ന് പതുക്കെ ഉയർത്തി ഡോറിനിടയിലൂടെ രണ്ടുപേരെ പുറത്തേക്ക് വലിച്ചെടുത്തു.
പിന്നീട് കാറിന്റെ പിറകിലെ ഡോർ വലിച്ചുതുറന്ന് രണ്ടുപേരെക്കൂടി പുറത്തെടുക്കുകയായിരുന്നു.
ഉടൻതന്നെ അതുവഴിയെത്തിയ വാഹനത്തിൽ സിജു ഒഴികെ ബാക്കിയുള്ളവരെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് ഗുരുതരമല്ല.
മഴ തുടരുന്ന സാഹചര്യത്തിൽ പുഴയിലൂടെയുള്ള നീരൊഴുക്ക് ശക്തമാണ്. ഇതിനാൽ സമീപത്തെ വീട്ടിൽനിന്നും കയർ എത്തിച്ച് വാഹനം ഒഴുകിപ്പോകാതെ പുഴയോരത്തെ മരത്തിൽ കെട്ടിയിട്ടു.
തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് കാർ പുഴയിൽ നിന്നും റോഡിലേക്ക് കയറ്റിയത്. വാഹനം പൂർണമായി തകർന്ന അവസ്ഥയിലാണ്. നെടുങ്കണ്ടം പോലീസും സ്ഥലത്തെത്തിയിരുന്നു.
ഓട്ടോറിക്ഷ തൊഴിലാളികൾ സാഹസികമായി നടത്തിയ രക്ഷാപ്രവർത്തനമാണ് ആളപായം ഒഴിവാക്കിയത്. മുന്പും ഇതേ സ്ഥലത്തുനിന്നും ജീപ്പ് തലകുത്തി മറിഞ്ഞ് പുഴയിലേക്ക് പതിച്ചിരുന്നു.
അപകടസാധ്യത നിലനിൽക്കുന്നതിനാൽ കല്ലാർ പുഴയ്ക്ക് സമാന്തരമായുള്ള കായംകുളംപടി റോഡിൽ സുരക്ഷാവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.