തൊടുപുഴ: കോവിഡ് രോഗബാധ തൊടുപുഴയുടെ സമീപത്ത് കുമ്മംകല്ല് സ്വദേശിക്കു സ്ഥിരീകരിച്ചതോടെ തൊടുപുഴ നഗരസഭയും സമീപ പഞ്ചായത്തായ ഇടവെട്ടിയും അതീവ ജാഗ്രതയിലായി.
രോഗബാധിതനായ കുമ്മംകല്ല് സ്വദേശിയുമായി ബന്ധപ്പെട്ടവരടക്കം നിരീക്ഷണത്തിൽ ഇവിടങ്ങളിൽ കഴിയുന്ന സാഹചര്യത്തിലാണ് പോലീസ് പ്രദേശങ്ങളിൽ അതിജാഗ്രതാ നിർദേശം നൽകിയത്. ഇന്നലെമുതൽ 14 വരെയാണ് അതിജാഗ്രത പ്രഖ്യാപിച്ചത്.
ഡൽഹി നിസാമുദീനിൽ തബ് ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മേഖലകളിൽ പോലീസും ആരോഗ്യ വകുപ്പും പരിശോധനയും ബോധവത്കരണവും കർശനമാക്കി.
മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ജനങ്ങൾക്ക് കോവിഡ് പ്രതിരോധ നിർദേശങ്ങളുമായി വാഹനങ്ങളിൽ ഓരോ മണിക്കൂർ ഇടവിട്ട് അനൗണ്സ്മെന്റ് നടത്തുന്നുണ്ട്. ആശുപത്രി, റേഷൻ കട തുടങ്ങിയ സ്ഥാപനങ്ങളിലും ഏറ്റവും അവശ്യസാധനങ്ങൾ വാങ്ങാനും ഒരാൾക്ക് മാത്രം പുറത്തിറങ്ങാമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കടകൾ രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെ മാത്രമേ തുറക്കാവൂവെന്നും നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പെർമിറ്റ് റദ്ദുചെയ്യുമെന്നും അധികൃതർ അറിയിച്ചു.
കാരണില്ലാതെ വാഹനങ്ങളുമായി കറങ്ങുന്നവരുടെ വാഹനം കസ്റ്റഡിയിലെടുക്കും. കവലകളിലോ തോട്ടങ്ങളിലോ തോടുകളുടെ സമീപത്തോ കൂട്ടംകൂടരുത്.
ബന്ധുവീടുകളിലേക്ക് പോകുകയോ ബന്ധുക്കൾ പുറത്തുനിന്നു വരാനോ പാടില്ല. അയൽവീടുകളിൽനിന്നും നിശ്ചിത അകലം പാലിക്കണമെന്നും നിർദേശമുണ്ട്.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാൻ പോലീസിനും ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ് പറഞ്ഞു.
ഇന്നലെ തൊടുപുഴയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം പ്രദേശങ്ങളിൽ മരുന്നും വെള്ളവും സ്്രപേ ചെയ്ത് അണുവിമുക്തമാക്കി. പ്രദേശത്ത് അതിജാഗ്രത നിർദേശമുള്ളതിനാൽ കർശന പരിശോധനയും ബോധവത്കരണവുമുണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും പോലീസും അറിയിച്ചു.