തൊടുപുഴ: വനമേഖലകൾ ഉൾപ്പെടെയുള്ള ദുർഘട പ്രദേശങ്ങളിലൂടെ ട്രക്കിംഗ് നടത്തുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പാലക്കാട് മലന്പുഴയിൽ യുവാവ് പാറയിടുക്കിൽ കുടുങ്ങിയ സംഭവം കേരളത്തെ നടുക്കിയ സാഹചര്യത്തിലാണ് ട്രക്കിംഗിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യം ഉയരുന്നത്.
ഇടുക്കിയിൽ ഒട്ടേറെ ട്രക്കിംഗ് മേഖലകൾ ഉണ്ടെങ്കിലും ഇവിടെയൊന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ല. മൊബൈലിന് റേഞ്ച് പോലുമില്ലാത്ത സ്ഥലങ്ങളുണ്ട്.
ഇത്തരം പ്രദേശങ്ങളിൽ അപകടമുണ്ടായാൽ വിവരം പുറംലോകമറിയാൻ ഏറെ വൈകും. പലപ്പോഴും അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് യുവതീയുവാക്കൾ സാഹസിക സഞ്ചാരം നടത്തുന്നത്.
പ്രകൃതിയെ അടുത്തറിയാനും നിരീക്ഷിക്കാനും പഠനത്തിനുമാണ് ട്രക്കിംഗ് ലക്ഷ്യമിടുന്നതെങ്കിലും പലപ്പോഴും ലക്ഷ്യം മറന്ന് സെൽഫിയെടുക്കാനും വിനോദത്തിനുമായി ഇറങ്ങിപ്പുറപ്പെടുന്നവരും കുറവല്ല.
ജില്ലയിൽ മൂന്നാർ, വാഗമണ്‍, രാമക്കൽമേട് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങൾ ഉള്ളത്.
രാജമല, മീശപ്പുലിമല, കൊരങ്ങിണി മല, കൊളുക്കുമല, ചിന്നാർ വന്യജീവി സങ്കേതം, ചതുരംഗപ്പാറമെട്ട്, പാൽക്കുളംമേട്, പാഞ്ചാലി മേട് തുടങ്ങിയവയാണ് പ്രധാന സ്ഥലങ്ങൾ.
ഇവിടെ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനു പുറമേയാണ് ട്രക്കിംഗിനായി ഒട്ടേറെപ്പേർ എത്തുന്നത്. വനം-വന്യജീവി വകുപ്പും ഡിടിപിസിയുമാണ് ഇവിടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്.
ട്രക്കിംഗ് നിയമങ്ങളുടെ ലംഘനം
ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ സ്വപ്നഭൂമിയാണ് ഇടുക്കി. എന്നാൽ ഇപ്പോഴും വനമേഖലകളിലും മറ്റും പ്രവേശിക്കുന്പോൾ പാലിക്കപ്പെടേണ്ട നിയമങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ ലംഘിക്കപ്പെടുന്നുവെന്നാണ് ആക്ഷേപം.
കേരള-തമിഴ്നാട് അതിർത്തി വനമേഖലയിലെ കൊരങ്ങിണി മലയിൽ ട്രക്കിംഗ് നടത്തുന്നതിനിടെ കാട്ടുതീയിൽപ്പെട്ട് ഒട്ടേറെ യുവതീയുവാക്കൾ മരിച്ച ദുരന്തത്തോടെ ഇക്കാര്യത്തിൽ അധികൃതർ ചില നിലപാടുകളെടുത്തിരുന്നു.
ട്രക്കിംഗ് നടത്താൻ അംഗീകാരമുള്ള ഏജൻസികളുടെ നേതൃത്വത്തിൽ ട്രക്കിംഗ് മേഖലകളിൽ പരിചയമുള്ള വഴികാട്ടികളോടൊപ്പം മാത്രമേ വനമേഖലകളിൽ സന്ദർശനം നടത്താവൂ എന്ന നിർദേശമുണ്ടായിരുന്നു.
യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ, ഇന്ത്യൻ മൗണ്ടനിംഗ് ഫെഡറേഷൻ എന്നീ സംഘടനകൾക്കാണ് ട്രക്കിംഗിന് അനുമതിയുള്ളത്. എന്നാൽ പലപ്പോഴും ഇതു പാലിക്കപ്പെടുന്നില്ലെന്നാണ് വസ്തുത.
ആസ്വദിക്കാം അഡ്വഞ്ചർ ടൂറിസവും
ജില്ലയിൽ വിനോദസഞ്ചാരത്തിനു പുറമേ അഡ്വഞ്ചർ ടൂറിസവും ജില്ലാ ടൂറിസം കൗണ്‍സിലും വന്യ ജിവി വകുപ്പും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് വനത്തിനുളളിലേക്ക് നടന്നുള്ള ട്രക്കിംഗും മലമുകളിലേക്ക് ജീപ്പുകളിലുള്ള സാഹസിക യാത്രകളും നടത്തുന്നത്.
എന്നാൽ ഇക്കാര്യത്തിൽ ഒട്ടേറെ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കപ്പെടണമെന്ന് ഈരംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നു.
ഇതിനായി കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി മാർഗരേഖ തന്നെ പുറത്തിറക്കിയിട്ടുണ്ട്. ട്രക്കിംഗ് നടത്തുന്നവരുടെ പ്രായം, സഞ്ചരിക്കുന്ന ദൂരവുമെല്ലാം കണക്കിലെടുക്കും.
ലഹരി ഉപയോഗമോ പുകവലിയോ ഉണ്ടെങ്കിൽ ട്രക്കിംഗിൽ പങ്കെടുപ്പിക്കാറില്ല.
കൂടാതെ സന്ദർശിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വന്യമൃഗ സാന്നിധ്യം, കാട്ടുതീ സാന്നിധ്യം എന്നിവയെല്ലാം അറിഞ്ഞിരിക്കുകയും മുൻകരുതൽ സ്വീകരിക്കുകയും വേണം.
അല്ലാത്തപക്ഷം അപകടത്തിൽപെട്ടേക്കാം. മലയിടുക്കുകളും മറ്റുമുള്ള പല സ്ഥലങ്ങളും ഏറെ അപകട സാധ്യതയുള്ളതാണ്.
നേരത്തേ മീശപ്പുലിമലയിൽ വഴിയറിയാതെ വനത്തിൽ കുടുങ്ങിയ ട്രക്കിംഗ് സംഘത്തിൽപ്പെട്ട യുവാവിനെ വനംവകുപ്പും ഫയർഫോഴ്സും ഏറെ പണിപ്പെട്ട് പുറത്തെത്തിച്ച സംഭവവുമുണ്ടായിട്ടുണ്ട്.
ഇതിനു പുറമേ വാഹനങ്ങളിലെ ട്രക്കിംഗ് യാത്രകൾക്കും വലിയ നിയന്ത്രണമില്ല.
പഞ്ചായത്തുകൾക്ക് കൈമാറണം
അഡ്വഞ്ചർ ടൂറിസം സാധ്യതയുള്ള മേഖലകളുടെ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറണമെന്ന് ട്രക്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന എമർജൻസി റസ്പോണ്‍സ് ടീമംഗമായ ആർ. മോഹൻ മൂന്നാർ പറഞ്ഞു.
ഓരോ പഞ്ചായത്തിലും ഇത്തരം പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങൾ കണ്ടെത്തി അവിടെ ടൂറിസം സാധ്യതകൾ കൊണ്ടുവരണം.
മുന്നറിയിപ്പു നൽകാനും അപകട സാധ്യതകൾ ഒഴിവാക്കാനും പഞ്ചായത്തുകൾവഴി ക്രമീകരണം ഏർപ്പെടുത്തണം.
ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാൽ അനധികൃതമായി കടന്നുകയറുന്നതുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാകും. മലന്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു മോഹൻ.