ചെറുതോണി : ഇടുക്കി ഡാമിലെ ജലനിരപ്പ് 2373 അടിയിൽ കൂടുതൽ ഉയരുന്ന സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്ക് രൂപം നൽകുന്നതിനായി റോഷി അഗസ്റ്റിൻ എംഎൽഎ വിളിച്ചുചേർത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വില്ലേജ് ഓഫീസർമാരുടെയും യോഗം ഇടുക്കി താലൂക്ക് ഓഫീസിൽ ചേർന്നു.
പെരിയാർ കടന്നുപോകുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റുമാരും വില്ലേജ് ഓഫീസർമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. നിലവിൽ 2342.7 അടി വെള്ളമാണ് ഡാമിലുള്ളത്.
ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10ശതമാനം അധികമാണ്. കാലവർഷത്തോടെ കൂടുതൽ മഴ ഉണ്ടാകുമെന്നതാണ് പ്രവചനം. ഡാമിന്റെ ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടായാൽ മാറ്റി പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുന്നതിനും താലൂക്ക് ഓഫീസിൽ നിന്നും ഇത്തരം വ്യക്തികൾക്ക് നോട്ടീസ് നൽകുന്നതിനും തീരുമാനിച്ചു.
പുഴയുടെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നാൽ കോവിഡ് -19 പശ്ചാത്തലത്തിൽ പഞ്ചായത്ത് തലത്തിൽ ക്യാന്പുകൾ അപ്രായോഗികമാണെന്ന് പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടു.
പ്രായം അനുസരിച്ചു നാലായി തിരിച്ചു പാർപ്പിക്കാനാണ് സർക്കാർ നിർദേശം. എന്നാൽ ഒരു കുടുംബത്തിലുള്ളവരെ ഇങ്ങനെ തരംതിരിക്കേണ്ടി വരുന്നതും സാമൂഹിക അകലം ഉറപ്പാക്കി ക്യാന്പ് നടത്തുന്നതിന് സ്ഥല പരിമിതിയും രോഗവ്യാപന സാധ്യതയും ഉണ്ട്.
അതിനാൽ ബന്ധു വീടുകളിലേക്കോ വാടക വീടുകളിലേക്കോ മാറ്റുന്ന ക്രമീകരണം പഞ്ചായത്ത് തലത്തിൽ ഏർപ്പെടുത്തേണ്ടതായിവരും. ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തുന്നവർക്ക് വീടുകളിൽ ക്വാറന്റൈൻ ഏർപ്പെടുത്തുന്നതിനും മതിയായ സൗകര്യം ഉറപ്പാക്കുന്നതിനും പഞ്ചായത്തുകൾ കൂടുതൽ ശ്രദ്ധ നൽകും.
മഴ ശക്തമാകുന്നതോടെ ആവശ്യമെങ്കിൽ അപകട മേഖലകളിൽ ഉള്ളവരെ കൂടി മാറ്റുന്നതിന് ക്രമീകരണം ഏർപ്പെടുത്തേണ്ടതായി വരുമെന്നും യോഗം വിലയിരുത്തി. ഇതിനായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്ത് ഓരോ മേഖലയിലും അപകട സാധ്യതയുള്ള വീടുകൾ കണ്ടെത്തി നിർദേശങ്ങൾ നൽകും.
പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം. ജോസ്, പി .കെ. രാജു, സെലിൻ വിൻസെന്റ്, രാജേശ്വരി രാജു, ഡോളി ജോസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർ ഇ.എസ്. ജോണ്സൻ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു. ഇടുക്കി ഡാമിലെ ജലം തുറന്നുവിടേണ്ട സാഹചര്യം വന്നാൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ആലോചിക്കുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ പ്രസംഗിക്കുന്നു.