ചെറുതോണി: 650 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ ഇടുക്കി വൃഷ്ടി പ്രദേശത്ത് കനത്തമഴ തുടരുന്നതിനാൽ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കയാണ്.
24 മണിക്കൂറിനിടെ അണക്കെട്ടിലെ ജലനിരപ്പ് 8.38 അടിയാണ് ഉയർന്നത്. ഇന്നലെ രാവിലെ ഏഴിന് 2321.26 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ വൈകുന്നേരം നാലിന് ജലനിരപ്പ് ഉയർന്ന് 2325.40അടിയായി മാറിയിരുന്നു. ഇന്ന് രാവിലെ ഏഴിന് വീണ്ടും ജലനിരപ്പ് ഉയർന്ന് 2329.64 അടിയിലെത്തി.
അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 29.86ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലും മഴയ്ക്ക് ശമനമില്ലാത്തതിനാലും ഇന്നും ജലനിരപ്പ് ഉയർന്നേക്കും. ഇന്നലെ രാത്രിയും പദ്ധതി പ്രദേശത്ത് കനത്ത മഴയാണുണ്ടായിരുന്നത്. 24 മണിക്കൂറിനിടെ 191.2 മില്ലിമീറ്റർ മഴ ലഭിച്ചു. ഈ മണ്സൂണിലെ ഏറ്റവും ശക്തമായ മഴയാണിത്.
കഴിഞ്ഞ വർഷം ഇതേ ദിവസം രാവിലെ ഏഴിനുള്ള കണക്കു പ്രകാരം 2398.40അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞവർഷം ചരിത്രം സൃഷ്ടിച്ച് ഇടുക്കി അണക്കെട്ട് തുറന്നതും ഇതേദിവസമായിരുന്നു. ഉച്ചയ്ക്ക് 12.30ന് അണക്കെട്ട് തുറക്കുന്പോൾ ജലനിരപ്പ് 2401 അടിയായിരുന്നു.
എന്നാൽ ഈ വർഷം വേനൽ മഴ കാര്യമായി ലഭിക്കാത്തതിനാൽ അണക്കെട്ടിലെ ജലനിരപ്പ് വളരെ താഴ്ന്നിരുന്നു. ദിവസങ്ങളോളം ശക്തമായ മഴ തുടർന്നാൽ മാത്രമെ ഈ വർഷം അണക്കെട്ട് തുറക്കേണ്ടതായി വരികയുള്ളുവെന്നാണ് വിലയിരുത്തൽ.
ഇടുക്കിയിൽ ദുരിതപ്പെയ്ത്ത് തുടരുന്നു
തൊടുപുഴ: ഇടുക്കി ജില്ലയിൽ ദുരിതപ്പെയ്ത്ത് തുടരുന്നു. മൂന്നു ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തുണ്ടായ ദുരിതത്തിന്റെ മുറിപ്പാടുകൾ മായുന്നതിനു മുൻപാണ് വീണ്ടും കാലവർഷം ജില്ലയിൽ ആഞ്ഞടിച്ചത്. കാലവർഷക്കെടുതികളിൽ ഒരു വയസുള്ള ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്നുപേരാണ് ജില്ലയിൽ മരിച്ചത്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2329.64 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിൽ 123.2 അടിയായി ജലനിരപ്പ് ഉയർന്നു.
പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടർന്ന് അനവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. ദുരിതബാധിത മേഖലകളിൽ നിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 17 ക്യാന്പുകൾ തുറന്നിട്ടുണ്ട്.
221 കുടുംബങ്ങളിൽ നിന്നായി 739 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡുകൾക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. മുണ്ടക്കയം മുതൽ കട്ടപ്പന, കുമളി റോഡുകളിലും ചെറുതോണി- അടിമാലി റോഡും ഉൾപ്പെടെ പ്രധാന റോഡുകളിൽ മണ്ണിടിഞ്ഞു. കൊട്ടാരക്കര -ഡിണ്ടുകൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ കക്കികവലയിൽ വെള്ളം കയറിയതിനെ തുടർന്നുള്ള ഗതാഗത തടസം നീങ്ങിയിട്ടില്ല. വ്യാപകമായ തോതിൽ കൃഷിനാശവും സംഭവിച്ചു.
ചിന്നക്കനാൽ മാസ് എസ്റ്റേറ്റിലെ തൊഴിലാളികളായ തമിഴ്നാട് നാമക്കൽ സ്വദേശികൾ രാജശേഖരൻ -നിത്യ ദന്പതികളുടെ ഒരുവയസുള്ള മകൾ മഞ്ജുശ്രീ ദേശീയ പാതയുടെ ആവശ്യത്തിനായി സംഭരിച്ചിരുന്ന കൂറ്റൻ മണ്കൂന കനത്ത മഴയിൽ ഇടിഞ്ഞ് തൊഴിലാളി ലയങ്ങൾക്ക് മുകളിലേയ്ക്ക് പതിച്ചാണ് മരിച്ചത്.
മറയൂരിൽ വാഗുവര പട്ടിക്കാട് ഒഴുക്കിൽപ്പെട്ട് ചെല്ലസ്വാമിയുടെ ഭാര്യ ജ്യോതിയമ്മാൾ(71) മരിച്ചു. തൊടുപുഴ പന്നിമറ്റത്ത് പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി മധു കൃഷാനി കെട്ടിടെ തകർന്നു വീണ് മരിച്ചു. അടിമാലി കല്ലാർ വട്ടയാർ കോഴിപ്പാടൻ ജോബിന് (30) മരം വീണു ഗുരതരമായി പരിക്കേറ്റു. ജില്ലയിൽ വിവിധയിടങ്ങളിലായി എട്ട് ദുരിതാശ്വാസ ക്യാന്പുകളിലായി 116കുടുംബങ്ങളിലെ 368 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടർല എച്ച്. ദിനേശൻ അറിയിച്ചു.
മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് മൂന്നാർ മേഖലയിൽ പല ഭാഗത്തു നിന്നും വെള്ളം ഇറങ്ങിയെങ്കിലും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ടൗണ് ഒറ്റപ്പെട്ട നിലയിലാണ്. പെരിയവര പാലം ഒലിച്ചുപോയതിനെ തുടർന്ന് മൂന്നാർ -ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. ചിന്നക്കനാലിൽ മണ്ണിടിഞ്ഞു മൂന്നുപേർക്കു പരിക്കേറ്റു. ചതുരംഗപ്പാറ വില്ലേജിലെ ഒരു തടയണ വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ പൊളിച്ചു വെള്ളം ഒഴുക്കിക്കളഞ്ഞു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിനോദ സഞ്ചാരങ്ങൾക്ക് ആഗസ്റ്റ് 15 വരെ ജില്ലാകളക്ടർ നിരോധനമേർപ്പെടുത്തി. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.