ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: ഇടുക്കി ഡാം നിറയാൻ ഇനി 66 അടിവെള്ളം കൂടി വേണമെന്നിരിക്കെ ഡാം തുറക്കുന്നുവെന്ന സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റുമുള്ള പ്രചാരണം ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു.അണക്കെട്ടിന്റെ സംഭരണ ശേഷി 2,403 അടിയാണ്. എന്നാൽ, പ്രത്യേക സാഹചര്യത്തിൽ 2408.50 അടിവരെ വെള്ളം സംഭരിച്ചു നിർത്താനാകും.ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് 2,336.66 അടിയാണ് ജലനിരപ്പ്.
വൃഷ്ടിപ്രദേശത്തു ദിവസങ്ങളോളം ശക്തമായ മഴ പെയ്താൽ മാത്രമേ ഡാം നിറയാനുള്ള സാധ്യതയുള്ളൂ. ഇന്നലെ മുതൽ ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ പദ്ധതി പ്രദേശത്ത് 32.04 മില്ലിമീറ്റർ മഴ പെയ്തപ്പോൾ വെള്ളിയാഴ്ച 192 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ടായിട്ടുണ്ട്. ഡാമിൽനിന്നു വെള്ളം തുറന്നുവിടുന്ന സ്പിൽവേ ലെവലിൽ എത്തണമെങ്കിൽ 2,373 അടിയിലെത്തണം. ഡാമിലെ ജലനിരപ്പ് 2,395 അടിയിലെത്തിയാൽ ജനങ്ങൾക്കു മുന്നറിയിപ്പ് നൽകാറുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം ജലനിരപ്പ് 2,399 അടിയായിരുന്നു.
ഈ സാഹചര്യത്തിലാണ് അന്ന് അണക്കെട്ട് തുറക്കാൻ വൈദ്യുതി ബോർഡ് നിർബന്ധിതരായത്. എന്നാൽ, ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്.നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് 2,360 അടിയിൽ എത്തിയാൽ മാത്രമേ വേനലിലെ വൈദ്യുതി പ്രതിസന്ധിക്കും കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകൂ എന്നാണ് അധികൃതർ പറയുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് വൃഷ്ടിപ്രദേശത്തിന്റെ വ്യാപ്തി കൂടി വരുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ജലനിരപ്പ് ഉയരാൻ കൂടുതൽ സമയമെടുക്കും.
10.07 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ അണക്കെട്ടിൽ ഒഴുകിയെത്തിയത്.വെള്ളിയാഴ്ച രാവിലെ 13.55 കോടി യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയിരുന്നു.1.039 ദശലക്ഷം യൂണിറ്റായിരുന്നു മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം.130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളിൽ നാലെണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
വൈദ്യുതിമുടക്കവും മഴയും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ 41.21 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം.സമീപനാളിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗമാണിത്. ഈ മാസം ഒന്നുമുതൽ ഒന്പതുവരെ 439.0258 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് വൈദ്യുതി ബോർഡ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 872.992 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ലഭിച്ചത്.
വൈദ്യുതി ബോർഡിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ഡാമുകളിലുമായി 39 ശതമാനം വെള്ളമാണുള്ളത്. വൈദ്യുതി വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും കീഴിലുള്ള 30-ാളം ചെറു ഡാമുകൾ തുറന്നുവിട്ടിട്ടുണ്ട്. പൊൻമുടി ഡാമിന്റെ ഒരു ഷട്ടർ ഇന്നലെ വൈകുന്നേരം 30 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 11 ക്യൂമെക്സ് വെള്ളം ഒഴുക്കി വിടുന്നുണ്ട്. 707.07 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 706.5 മീറ്റർ എത്തിയതിനാലാണ് ഡാമിന്റെ ഒരു ഷട്ടർ തുറന്നു വിടേണ്ടിവന്നത്.