തൊടുപുഴ: കനത്ത മഴയെത്തുടർന്ന് ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ വൈകുന്നേരം ഏഴുവരെയുള്ള കണക്കുപ്രകാരം 2381 അടിയാണ് ജലനിരപ്പ്.
സംഭരണശേഷിയുടെ 74.87 ശതമാനം. 2403 അടിയാണു പരമാവധി സംഭരണശേഷി. പദ്ധതിപ്രദേശത്ത് 67.40 മില്ലിമീറ്റർ മഴ ലഭിച്ചതോടെ 25.432 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.
അസാധാരണ അളവിൽ രണ്ടുദിവസംകൂടി മഴ തുടർന്നാലേ അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടാകൂ എന്നാണ് അധികൃതർ പറയുന്നത്.
പന്പ, കക്കി സംഭരണികളിലാകെ 71 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്.
ഷോളയാർ- 98, ഇടമലയാർ- 76, കുണ്ടള- 94, മാട്ടുപ്പെട്ടി- 60, ആനയിറങ്കൽ- 60, പൊന്മുടി- 85, കല്ലാർകുട്ടി 96.82, ലോവർ പെരിയാർ 91.96, ശതമാനം എന്നിങ്ങനെയാണു ജലശേഖരം. അതേ സമയം പ്രധാനപ്പെട്ട 16 സംഭരണികളിലെ ജലശേഖരം 75% ആയി.
കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 4 ശതമാനം കൂടുതലാണിത്. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നലെ ഉച്ച കഴിഞ്ഞ് 20 സെന്റിമീറ്റർ കൂടി ഉയർത്തി. നിലവിൽ ഡാമിന്റെ ഷട്ടറുകൾ 40 സെന്റിമീറ്റർ ഉയർത്തി 100 ക്യുമിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.