ചെറുതോണി: ചെറുതോണി ഡാം തുറക്കുന്നതിൽ ആശങ്ക വേണ്ടെന്നും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സർക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ.
അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെയും സന്ദർശകരുടെയും അപകടകരമായ കടന്നു കയറൽ ഒഴിവാക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നു ഡീൻ കുര്യാക്കോസ് എംപി യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമില്ല.
മുൻ കരുതലെന്ന നിലയിൽ 79 വീടുകളിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി , വാത്തിക്കുടി, എന്നീ അഞ്ചു വില്ലേജുകളിലും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലൂടെയുമാണ് വെള്ളമൊഴുകുന്നത്.
മീൻപിടിത്തവും സെൽഫിയും നിരോധിച്ചു
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന ഭാഗങ്ങളിൽ പുഴ മുറിച്ചു കടക്കുന്നതും മീൻപിടിത്തവും നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി കഴുകുന്നതും ഒഴിവാക്കണം.
വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക്ക് ലൈവ് എന്നിവയ്ക്കും കർശനമായ നിരോധനമുണ്ട്. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർ, വിവിധ വകുപ്പ് തല മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജീവനക്കാർ ആസ്ഥാനം വിട്ടുപോകരുത്
ഇടുക്കി: ജില്ലയിൽ കാലവർഷം തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളിലെയും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും ഹെഡ് ക്വാർട്ടേഴ്സ് വിട്ടുപോകാൻ പാടില്ലെന്നു ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
ക്യാന്പുകളുടെ ചുമതലയുളള ജീവനക്കാർ, വില്ലേജ് ഓഫീസർമാർ, ഓഫീസ് മേധാവിമാർ, താലൂക്ക് വില്ലേജ് തല ചാർജ് ഓഫീസർമാർ എന്നിവർ നിർബന്ധമായും ഡ്യൂട്ടിക്കു ഹാജരാകണം.
എല്ലാ ഓഫീസുകളും അടിയന്തര ആവശ്യങ്ങൾക്കു ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിച്ചു തുറന്നു പ്രവർത്തിക്കണം.