ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കും.
ചൊവ്വാഴ്ച രാവിലെ 11ന് ഡാമിന്റെ രണ്ടു ഷട്ടറുകൾ 50 സെന്റീ മീറ്റർ വീതം ഉയർത്താനാണ് തീരുമാനം. ഇതിലൂടെ100 ക്യൂമിക്സ് ജലം പുറത്തേക്ക് ഒഴുക്കും.
ഡാമിലെ ജലനിരപ്പ് നിലവിൽ റെഡ് അലർട്ടിലേക്ക് അടുക്കുകയാണ്. വൈകിട്ട് ആറോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും.
ഷട്ടർ തുറക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും.
മഴ തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് ഡാമിൽ ജലനിരപ്പ് ഉയരുന്നത്.
ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകൾ ആദ്യം തുറക്കും.
അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ ആറ് മുതൽ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പെരിയാറില്‍ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പമ്പ അണക്കെട്ടിൽ റെഡ് അലർട്ട്; തീരദേശത്ത് ജാഗ്രതാ നിർദേശം
പത്തനംതിട്ട: കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പമ്പാ തീരത്ത് ജാഗ്രതാ നിർദേശം.
പമ്പ, റാന്നി, ആറന്മുള, ചെങ്ങന്നൂർ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്. പമ്പ നദിയിൽ 10 മുതൽ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത.
പമ്പ അണക്കെട്ടിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 984.62 മീറ്ററിൽ എത്തി.
986.33 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പ-കക്കാട്ട് ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
പമ്പയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും ആളുകൾ ക്യാമ്പുകളിലേക്ക് മാറാൻ തയാറാകണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.