ടി.പി.സന്തോഷ്കുമാർ
തൊടുപുഴ: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മറ്റു ജില്ലകളിൽ നിന്നും കെഎസ്ആർടിസി ആരംഭിച്ച സർവീസുകൾ സൂപ്പർ ഹിറ്റ്.
മൂന്നാറിലേക്കുള്ള ജംഗിൾ സഫാരി ആസ്വദിക്കാൻ കെഎസ്ആർടിസി സീറ്റുകൾ റിസർവ് ചെയ്യുന്നവരുടെ എണ്ണം അധികൃതരെ പോലും അന്പരപ്പിച്ചിരിക്കുകയാണ്.
കോതമംഗലത്തു നിന്നു മൂന്നാറിലേക്കുള്ള സർവീസുകൾ വന്പൻ വിജയമായതിനു പുറമെ ഹരിപ്പാട് നിന്നുള്ള വാഗമണ്‍ സർവീസും സഞ്ചാരികളുടെ എണ്ണം കൊണ്ട് വിസ്മയിപ്പിക്കുകയാണ്.
കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ആതിരപ്പിള്ളി വഴി മലക്കപ്പാറയിലേക്കുള്ള സർവീസുകൾ സഞ്ചാരികളുടെ ബാഹുല്യം മൂലം ശ്രദ്ധ നേടിയതോടെയാണ് ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിച്ചത്.
പ്രകൃതി മനോഹാരിത കൊണ്ട് സന്പന്നമായ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ കുറഞ്ഞ ചിലവിൽ സന്ദർശിക്കാമെന്നതിനാൽ ഒട്ടേറെ പേരാണ് ഇതിനായി അവസരം തേടി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.
40 പേർക്ക്
കോതമംഗലത്തു നിന്ന് മൂന്നാറിലേക്കുള്ള സർവീസ് ആഴ്ചയിൽ 40 സഞ്ചാരികളുടെ ബുക്കിംഗ് ലഭിക്കുകയാണെങ്കിൽ ഞായറാഴ്ച തോറും ഒരു ട്രിപ്പ് നടത്തുന്നതിനാണ് കെഎസ്ആർടിസി അധികൃതർ തീരുമാനിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ബുക്ക് ചെയ്തെത്തിയത് 250 പേരാണ്. ഇതോടെ അഞ്ചു ബസുകളാണ് സഞ്ചാരികളെയുമായി സർവീസ് നടത്തിയത്.
കോതമംഗലത്തു നിന്ന് പഴയ ആലുവ മൂന്നാർ റോഡിന്റെ ഭാഗമായ കുട്ടന്പുഴ, മാമലക്കണ്ടം എത്തി പഴന്പിള്ളിച്ചാൽ, പടിക്കപ്പ്, ഇരുന്പുപാലം, മച്ചിപ്ലാവ്, കൊരങ്ങാട്ടി, പീച്ചാട്, മാങ്കുളം, ആനക്കുളം എത്തി തിരികെ മാങ്കുളം, വിരിപാറ, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിൽ എത്തിച്ചേരും വിധമാണ് ജംഗിൾ സഫാരി ക്രമീകരിച്ചിട്ടുള്ളത്.
തുടർന്ന് കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ കല്ലാർ, അടിമാലി, നേര്യമംഗലം വഴി കോതമംഗലത്ത് എത്തിച്ചേരും.
ആദ്യകാല ഡിപ്പോകളിലൊന്നായ പൊൻകുന്നത്തുനിന്നു വാഗമണ്‍-ഏലപ്പാറ-കുട്ടിക്കാനം വഴി പരുന്തുംപാറയ്ക്കായ്ക്കാണ് മറ്റൊരു പാക്കേജ് സർവീസ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെ എട്ടിനു പൊൻകുന്നത്തുനിന്നു യാത്ര തിരിച്ച് രാത്രി ഏഴിനു തിരിച്ചെത്തും. പ്രകൃതി സൗന്ദര്യത്താൽ സന്പന്നമായ വാഗമണ്‍ മലനിരകളും മൊട്ടക്കുന്നും പൈൻമരക്കാടും കണ്ടതിനുശേഷം ഏലപ്പാറയിലെ തേയിലത്തോട്ടങ്ങളിലൂടെ വൈകുന്നേരത്തോടെ കുട്ടിക്കാനത്ത് എത്തും.
പരുന്തുംപാറയിലേക്ക്
കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിൽ നിന്നും വാഗമണ്‍ , പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം പുതിയ സർവീസ് ആരംഭിച്ചു.
ആദ്യ യാത്രയിൽ പതിമൂന്ന് കുടുംബങ്ങളിൽ നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ് ഉല്ലാസ യാത്രയുടെ ഭാഗമായി എത്തിയത്.
തേയിലത്തോട്ടങ്ങൾ, പുൽമേടുകൾ, മൊട്ടക്കുന്നുകൾ, പൈൻ മരക്കാടുകൾ എന്നിവ സന്ദർശിച്ചായിരുന്നു യാത്ര.
അരുവിത്തറ പള്ളി, വാഗമണ്‍ വ്യൂ പോയിന്റ്, വാഗമണ്‍ കുരിശുമല, ലേക്ക്, ഏലപ്പാറ തേയില പ്ലാന്റേഷൻ, കുട്ടിക്കാനം പൈൻ ഫോറസ്റ്റ്, പരുന്തും പാറ, കുട്ടിക്കാനം വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ യാത്രക്കാർക്ക് കാഴ്ചകൾ ആസ്വദിക്കാൻ അധികൃതർ അവസരമൊരുക്കിയിരുന്നു.
ഉച്ച ഭക്ഷണം, ലഘു ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജ് ആയാണ് കെഎസ്ആർടിസി ഉല്ലാസയാത്രയ്ക്കും ജംഗിൾ സഫാരിക്കും അവസരമൊരുക്കുന്നത്.
തൊടുപുഴ ഉൾപ്പടെയുള്ള ഡിപ്പോകളിൽ നിന്നും കഐസ്ആർടിസി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ്.