ഉപ്പുതറ: കള്ളനോട്ടു കേസിലെ പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങി ആരോപണവിധേയനായ സിഐ ഉപ്പുതറയിലും അഴിഞ്ഞാടിയിരുന്നെന്ന് ആരോപണം.
കഴിഞ്ഞവർഷം ലോക്ഡൗണ്‍ ആരംഭിക്കുന്ന സമയത്താണ് അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് ഉപ്പുതറ സിഐ ആയി എ.എസ്. റിയാസ് എത്തിയത്.
അന്നുമുതൽ ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ സാധാരണക്കാർ ഏറെ സഹിക്കേണ്ടിവന്നു.
ജനങ്ങളുടെ സ്ഥാനവും പ്രായവും ഒന്നും പരിഗണിക്കാതെ സംസ്കാരശൂന്യമായ ഭാഷ ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ഇയാൾ ടാക്സി വാഹനങ്ങളുടെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്കും ദുസ്വപ്നമായിരുന്നു.
പരക്കെ കൈക്കൂലി വാങ്ങുന്നതായുള്ള ആക്ഷേപവും ഇയാൾക്കെതിരെയുണ്ടായിരുന്നു.
ഓട്ടോറിക്ഷയിൽ മദ്യം കൊണ്ടുപോയി എന്നാരോപിച്ച് കാൻസർ രോഗിയായ ഡ്രൈവറിൽനിന്ന് 25000 രൂപ കൈക്കൂലി വാങ്ങിയെന്നുവരെ ആരോപണമുണ്ടായിരുന്നു.
ഭാരവാഹന ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നതും പതിവായിരുന്നു. ഉപ്പുതറ പോലീസ് സ്റ്റേഷനിലെ ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന മത്സ്യവ്യാപാരികൾ, വഴിയോര കച്ചവടക്കാർ, റിസോർട്ടു നടത്തിപ്പുകാർ, കോണ്‍ട്രാക്ടർമാർ തുടങ്ങിയവരിൽനിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്തതായും ആരോപണമുണ്ടായിരുന്നു.
ഉപ്പുതറ മാട്ടുതാവളത്തുനിന്ന് കള്ളനോട്ട് പിടികൂടിയ സമയത്ത് ആരോപണം നേരിടുന്ന സിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നില്ലെന്നത് കളവാണ്.
ഇയാളാണ് അന്വേഷിച്ചതെന്ന് സ്റ്റേഷൻ രേഖകളിലുണ്ട്. കൂടാതെ പ്രതിയെ പിടികൂടിയതിന്റെ കാര്യങ്ങൾ വിശദീകരിക്കുവാൻ സ്റ്റേഷനിൽ നടത്തിയ പത്രസമ്മേളനത്തിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു.
തിരുവനന്തപുരത്തെ വീട്ടിൽ പോകുന്പോൾ വാഹനം നിറയെ കൈക്കൂലിയായി കിട്ടിയ സാധന സാമഗ്രികളായിരുന്നെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു.
പോലീസിനകത്തും ഇയാൾക്കെതിരെ അതൃപ്തി ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ഇയാൾ ഉപ്പുതറയിൽനിന്നും സ്ഥലം മാറിയത്.