ചെറുതോണി: ഇടുക്കിയിൽ 27-ന് രാത്രി 10.28-ന് റിക്ടർ സ്കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. രാത്രി ഇടിമുഴക്കത്തിനു സമാനമായ ശബ്ദത്തോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിനുശേഷമാണ് സ്ഥിരീകരിച്ചത്.
ജില്ലാ ആസ്ഥാനത്തോടനുബന്ധപ്പെട്ട വിവിധ പ്രദേശങ്ങളിൽ ഭൂചലനത്തിന്റെ പ്രകന്പനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങൾ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ഓടി. ഭൂചലനത്തെതുടർന്ന് ഇടുക്കി, ഡാംടോപ്പ് തുടങ്ങി പ്രദേശങ്ങളിലെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിനും ഭൂചലനം ഉണ്ടായിരുന്നു. എന്നാൽ ഭൂചലന മാപിനിയിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇത് ഒരു മുഴക്കം മാത്രമായാണ് അനുഭവപ്പെട്ടത്. തുടർന്ന് രാത്രി വീണ്ടും ചലനമുണ്ടായതാണ് ജനങ്ങളെ ആശങ്കയിലാക്കിയത്.
രാത്രിയുണ്ടായ ചലനം മാത്രമാണ് കെ എസ്ഇബി സ്ഥിരീകരിച്ചിട്ടുള്ളൂ. 48 സെക്കൻഡ് സമയമാണ് ചലനം നീണ്ടുനിന്നത്. പെട്ടെന്നുണ്ടായ മുഴക്കവും ഭൂചലനവും ജനങ്ങളിൽ പരിഭ്രാന്തി പരത്തി.
ആലടിയിൽനിന്ന് 16.8 കിലോമീറ്ററും കുളമാവിൽനിന്ന് പത്തു കിലോമീറ്ററും മാറിയാണ് കല്ല്യാണത്തണ്ടിലെ ഈ പ്രഭവകേന്ദ്രം. ഇടുക്കി അണക്കെട്ടിനോടനുബന്ധിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ ഇവിടെയുള്ള ഭൂകന്പമാപിനി പ്രവർത്തനരഹിതമായിരുന്നു.
ഇതേ തുടർന്ന് കെ എസ്ഇബിയുടെ ആലടി, കുളമാവ് എന്നീ കേന്ദ്രങ്ങളിൽനിന്നാണ് റീഡിംഗ് എടുത്തത്. 1974 മുതലുള്ള രേഖകൾപ്രകാരം ഇടുക്കി പദ്ധതി പ്രദേശത്ത് 351 തവണയാണ് ചെറുതും വലുതുമായ ഭൂകന്പങ്ങൾ രേഖപ്പെടുത്തിയത്.
ഇതിൽ 41 തവണയുണ്ടായ ചലനങ്ങളുടെ പ്രഭവകേന്ദ്രം ഈരാറ്റുപേട്ടയായിരുന്നു. കുളമാവ്, പാലാ, ഉളുപ്പൂണി എന്നീ സ്ഥലങ്ങളും പ്രഭവകേന്ദ്രങ്ങളായിട്ടുുണ്ട്. ആദ്യമായാണ് കല്യാണത്തണ്ട് പ്രഭവകേന്ദ്രമാകുന്നത്.
ഇടുക്കിയിൽ ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത് രണ്ടായിരം ഡിസംബർ പന്ത്രണ്ടിനായിരുന്നു. ഇത് റിക്ടർ സ്കെയിൽ അഞ്ച് രേഖപ്പെടുത്തി. ഒരുമാസത്തിനുശേഷം 2001 ജനുവരിയിലുണ്ടായ ഭൂചലനം 4.8 തീവ്രത രേഖപ്പെടുത്തിയിരുന്നു.
പ്രളയശേഷം അന്തരീക്ഷത്തിലുണ്ടായ താപനിലയുടെ വ്യത്യാസവും ഭൂപാളികളിൽ ലിഗമെന്റിലുണ്ടാക്കുന്ന മാറ്റങ്ങളും തുടർചലനങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നതായി ഡാം സുരക്ഷാ വിഭാഗം വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആഴത്തിൽ ചലനമുണ്ടാകാതിരുന്നതാണ് വലിയ ശബ്ദവും മുഴക്കവും ഉണ്ടാകാൻ കാരണമായതെന്നും ഇവർ പറഞ്ഞു.