തൊടുപുഴ: ബ്ലൂ അലർട്ട് നിലനിൽക്കുന്ന ഇടുക്കി അണക്കെട്ടിൽ ഒരു ദിവസത്തിനിടെ ജലനിരപ്പ് 2.68 അടി ഉയർന്നു.
വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2390.86 അടിയായിരുന്നുവെങ്കിൽ ഇന്നലെ രാത്രി ഏഴിന് 2393.54 അടിയായി ഉയർന്നു.
റൂൾ കർവനുസരിച്ച് 2396.86 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും 2397.86-ൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
അതേസമയം നിലവിലെ സാഹചര്യത്തിൽ അണക്കെട്ട് തുറക്കാനുള്ള സാധ്യത വർധിക്കുകയാണെന്നാണു വിദഗ്ധരുടെ അഭിപ്രായം.
മുല്ലപ്പെരിയാർ ജലനിരപ്പ് 132 അടിയിലേക്ക്
കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടി പിന്നിട്ടു. ഇന്നലെ വൈകുന്നേരം ആറിന് ജലനിരപ്പ് 130 അടിയിലെത്തിയിരുന്നു.
ഇന്നലെ രാവിലെ ജലനിരപ്പ് 128.8 അടിയായിരുന്നത് ഉച്ചകഴിഞ്ഞ് രണ്ടിന് 129.15 അടിയും നീരൊഴുക്ക് 3920 അടിയുമായി. ഇന്നലെ വൈകുന്നേരം ആറിന് 1.2 അടിയുടെ വർധനവാണുണ്ടായത്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഒഴുകിയെത്തുന്ന വെള്ളം സെക്കൻഡിൽ പതിനായിരം ക്യുബിക് മീറ്റർ കടന്ന് ജലനിരപ്പ് പുലർച്ചയോടെ 132 അടി പിന്നിടുമെന്നാണ് സൂചന. സെക്കൻഡിൽ 1300 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത്.
അണക്കെട്ടുകൾ തുറന്നു
ജലനിരപ്പുയർന്നതോടെ ഇടുക്കി ജില്ലയിൽ കല്ലാർ,മലങ്കര, ലോവർ പെരിയാർ, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കുണ്ടള എന്നീ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു.
മലങ്കര ഡാമിന്റെ ആറു ഷട്ടറുകൾ ഉച്ചകഴിഞ്ഞ് 2.30ഓടെ 1.30 മീറ്റർ വീതം ഉയർത്തി തൊടുപുഴയാറിലേക്ക് വെള്ളം തുറന്നുവിട്ടു.
സെക്കൻഡിൽ 265.865 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.