ചെറുതോണി: കനത്ത മഴ തുടങ്ങുന്പോഴും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയുടെ അന്‍പതു ശതമാനത്തിലധികം. കാര്യമായ വേനൽമഴ ലഭിച്ചിട്ടില്ലെങ്കിലും മൂലമറ്റം വൈദ്യുതനിലയത്തിലെ വൈദ്യുതോത്പാദനം കുറച്ചതാണ് ജലനിരപ്പ് താഴാതിരിക്കാനിടയാക്കിയത്.
സമുദ്രനിരപ്പിൽനിന്ന് 2343.80 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. മുൻ ദിവസത്തേക്കാൾ 0.34 അടി വെള്ളമാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം ഇതേദിവസം 2,323.82 അടി വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ ഏഴുവരെ 24 മണിക്കൂറിനിടെ ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 1.60 മില്ലിമീറ്റർ മഴ ലഭിച്ചു.
മഹാപ്രളയമുണ്ടായി അണക്കെട്ടു തുറന്നുവിട്ട 2018-ൽ പോലും ഇതേദിവസം 2326.32 അടിയായിരുന്നു ജലനിരപ്പ്. 1990 മേയ് 18ന് 2346.78 അടിയായി ജലനിരപ്പ് ഉയർന്നിരുന്നു.
പിന്നീട് 1993 ലും ഇതേ ദിവസം 2343 അടിലെത്തിയിരുന്നു. ഈ വർഷം ഇതിലും ഉയർന്ന നിലയിലായിരുന്ന ജലനിരപ്പാണ് ഇപ്പോൾ കുറഞ്ഞ് ഇന്നലെ 2343.80 അടിയിലെത്തിയത്.
കോവിഡ് 19ന്റെ ഭാഗമായി കടകന്പോളങ്ങളും വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളുമെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ വൈദ്യുതിയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിരുന്നു. ഇതാണ് വൈദ്യുതോത്പാദനം കുറയ്ക്കാൻ കാരണമായത്. കൂടാതെ മൂലമറ്റം വൈദ്യുതനിലയത്തിലെ ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
തീപിടിത്തത്തിൽ കേടായ ജനറേറ്റർ നന്നാക്കാൻ ലോക്ക് ഡൗണ്‍ കാരണം വിദഗ്ധരായ തൊഴിലാളികളെ എത്തിക്കാനാവാത്തതാണ് ജനറേറ്റർ അറ്റകുറ്റപ്പണി നടത്തി പൂർണതോതിൽ വൈദ്യുതി ഉല്പാദിപ്പിക്കാനാവാത്തതെന്നും പറയുന്നു.
കഴിഞ്ഞ പ്രളയകാലത്ത് അണക്കെട്ടു തുറന്നുവിട്ടപ്പോൾ പരമാവധി തുറന്നത് സെക്കന്‍ഡിൽ 1500 ക്യുമെക്സ് (സെക്കൻഡിൽ ക്യുബിക്മീറ്റർ) വെള്ളം വീതമാണെന്നാണ് ഒൗദ്യോഗിക കണക്ക്.
അണക്കെട്ടിന്റെ പ്രധാനപ്പെട്ട അഞ്ച് ഷട്ടറുകളും അടിഭാഗത്തുള്ള രണ്ട് വെർട്ടിക്കൽ ഗെയിലും പരമാവധി തുറന്നാൽ സെക്കന്‍ഡിൽ 5000 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാകും.
അണക്കെട്ടിന്റെ ഷട്ടറുകൾ വർഷംതോറും നടത്താറുള്ള അറ്റകുറ്റപ്പണികളും ഗ്രീസ് ഇടീലുമെല്ലാം നടത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാനുള്ള മുൻകരുതൽ ഡാം സുരക്ഷാ ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുണ്ട്.
അണക്കെട്ടിലെ പ്രധാന ഷട്ടറുകൾ വഴി 2373 അടിക്കു മുകളിലേക്കുള്ള ജലം മാത്രമെ തുറന്നുവിടാനാകൂ. നിലവിൽ 29.20 അടിവെള്ളംകൂടി ഉയർന്നാലേ ഷട്ടറിന്റെ അടിയിലെത്തുകയുള്ളു.
കാലവർഷത്തിൽ അധികമഴ ലഭിക്കുമെന്നുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും തമിഴ്നാട്ടിലെ വാട്ടർ ലെവൽ നിരീക്ഷകനായ ഒരു ഉദ്യോഗസ്ഥന്റെ 1990 മുതലുള്ള നിരീക്ഷണത്തിൽ ആറ് മാസംകൊണ്ട് പെയ്യേണ്ട മഴ രണ്ടുമാസംകൊണ്ട് ലഭിക്കുമെന്ന പ്രഖ്യാപനവുമെല്ലാം ഇടുക്കി അണക്കെട്ട് ഇത്തവണയും തുറക്കേണ്ടി വന്നേക്കുമെന്ന സൂചനയാണ് നൽകുന്നത്.
ഇന്ന് അടിയന്തര യോഗം
തൊടുപുഴ: കാലവർഷം അടുത്തിരിക്കെ ഇടുക്കി അണക്കെട്ടിൽ 41 ശതമാനം വെള്ളം സംഭരിച്ചിരിക്കുന്നത് ഭീഷണിയാണെന്ന വിലയിരുത്തലിൽ ഇന്നു ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിച്ചു. മന്ത്രി എം.എം.മണി യോഗത്തിൽ പങ്കെടുക്കും.