തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറ്റാൻ ചെറിയതോതിൽ മിനുങ്ങാൻ തീരുമാനിച്ച പാർട്ടി അണികൾക്ക് കിട്ടിയ പണി ചില്ലറയല്ല.
ഇടുക്കി ലോ റേഞ്ചിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. വനിത സ്ഥാനാർഥിയോടൊപ്പം പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രവർത്തകർക്കാണ് നല്ല പണി കിട്ടിയത്.
കഴിഞ്ഞ ദിവസം പ്രചാരണപ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിൽ ഇതിന്റെ ക്ഷീണം മാറ്റാനാണ് ഒരു വീട്ടിൽ വൈകുന്നേരം സൽക്കാര പരിപാടി സംഘടിപ്പിച്ചത്.
ഭക്ഷണവും പരിപാടി കൊഴുപ്പിക്കാനായി അൽപ്പം ലഹരിയും ഒരുക്കിയിരുന്നു. 24 പേരാണ് വിരുന്നിൽ പങ്കെടുത്തത്. സ്ഥാനാർഥി സമീപത്തെ വീട്ടിലായിരുന്നു.
സംസ്ഥാനത്തിനു പുറമെ നിന്നു വന്ന കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളും സൽക്കാരത്തിൽ പങ്കെടുത്തു. ഇതിനിടെ സംഭവം എങ്ങിനെയോ ലീക്കായി. നാട്ടുകാർ പോലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചു.
പോലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്തെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളെ കൈയോടെ കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്നവരോട് നിരീക്ഷണത്തിലേക്ക് മാറാനും നിർദേശിച്ചു.
നിരീക്ഷണത്തിലായിരുന്നയാളുടെ കോവിഡ് പരിശോധന ഫലം വന്നപ്പോഴാണ് മറ്റുള്ളവർ ഞെട്ടിയത്. പോസിറ്റീവ്. ഇതോടെ എല്ലാവരോടും നിരീക്ഷണത്തിലേക്ക് മാറാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
സംഭവം പുറത്തറിഞ്ഞതോടെ ഈ സംഘത്തിലുള്ളവർ വോട്ടു ചോദിച്ച് വീടുകളിലേക്ക് വരേണ്ടെന്ന് പല വോട്ടർമാരും അറിയിച്ചു കഴിഞ്ഞു.
സംഭവത്തിൽ വെട്ടിലായത് സ്ഥാനാർഥിയാണ്. വോട്ടു പിടിത്തത്തിന് കൂടെ നടക്കാൻ ആളെ തേടേണ്ട അവസ്ഥയിലായി സ്ഥാനാർഥി.
ഇതിനിടെ സ്ഥാനാർഥിയോടും കോവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.