ചെറുതോണി: ഇടുക്കി ചെറു തോണി അണക്കെട്ട് തുറന്നുവിടുന്നത് പെരിയാർ തീരവാസികളിൽ ആശ്വാസവും ഒപ്പം ആശങ്കയും ഉയർത്തുകയാണ്.
2018 ഓഗസ്റ്റ് ഒന്‍പതിനാണ് ഇതിനു മുൻപ് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറിലേക്ക് ഒഴുക്കിയത്.
അന്ന് ട്രയൽ റണ്‍ എന്നപേരിൽ ആദ്യം തുറന്ന ഷട്ടർ ദിവസങ്ങൾക്കു ശേഷമാണ് അടയ്ക്കാനായത്.
ഇതിനുപുറമെ പിന്നീടുള്ള ദിവസങ്ങളിൽ ഘട്ടം ഘട്ടമായി അഞ്ചു ഷട്ടറുകളും തുറക്കേണ്ടിവന്നു.
ഇതിന്റെ ഫലമായി ഇടുക്കി ആലിൻചുവടു മുതൽ ഇടുക്കി, കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി വില്ലേജുകളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ വൻ നാശനഷ്ടവുമുണ്ടായി.
ചെറുതോണി ടൗണിലെ വലിയ ശതമാനം വ്യാപാര സ്ഥാപനങ്ങളും ഒലിച്ചുപോയി.
ഒരു മാസത്തിനു ശേഷമാണ് ഘട്ടംഘട്ടമായി ഷട്ടറുകൾ പൂർണമായും അടച്ചത്. ഇതാണ് പെരിയാർ തീരവാസികളെ ആശങ്കയിലാഴ്ത്തുന്നത്.
നദിയിൽ ഇറങ്ങരുത്; മീൻപിടിത്തം സെൽഫി, ലൈവ് നിരോധിച്ചു
തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് രാവിലെ 11 മുതൽ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നതിനാൽ ചെറുതോണി ടൗണ്‍ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിൽ പുഴയിൽ മീൻപിടിത്തം പാടില്ല.
നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക്ക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.
ഈ മേഖലകളിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങൾ പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.