ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കുമ്പിടിയാക്കൽ ചിന്നമ്മ ആന്റണിയാണ് ബുധനാഴ്ച മരിച്ചത്.
കൊലപാതകശേഷം ഗ്യാസ് തുറന്നുവിട്ട് മൃതദേഹം കത്തിച്ചുകളഞ്ഞതാണെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
വീട്ടിലെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നസ്ഥലത്ത് മറ്റ് സാധനങ്ങള്‍ക്കൊന്നും തീപിടിച്ചിരുന്നില്ല.
ഭിത്തിയില്‍ പലഭാഗത്തും രക്തക്കറയുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് വിശദമായ അന്വഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്.
മൃതദേഹം 80ശതമാനം കത്തിക്കരിഞ്ഞിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടറിന്റെ ഓസ് പകുതി വച്ച് മുറിച്ചു മാറ്റിയതിന് ശേഷം കത്തിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
ചിന്നമ്മയും മകനും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ഒന്‍പത് വരെ ചിന്നമ്മയുടെ മകന്റെ മകള്‍ ഇവിടെയുണ്ടായിരുന്നു.
തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കുട്ടി സ്കൂളില്‍ പോയി. ഈ കുട്ടി വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടി ഉടന്‍തന്നെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. അടുപ്പിൽ നിന്നും തീപടർന്നതാകാമെന്നായിരുന്നു വീട്ടുകാർ ആദ്യം ധരിച്ചിരുന്നത്.
എന്നാൽ പോലീസിന്റെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.