ഇടുക്കി: മഴ ശമനമില്ലാതെ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നതിനാലും ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
2,398.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിലവിൽ 139 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്.
വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടും രാത്രിയിലും ശക്തമായ മഴ പെയ്തതും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തിയിരുന്നു.
വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽനിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വീണ്ടും കുറച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ശനിയാഴ്ച ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്.