മലപ്പുറം: ഓണ്‍ലൈൻ തട്ടിപ്പുകളിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ കേസിൽ പിടിയിലായ ഏജന്റിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മഞ്ചേരി ടൗണിലെ മരുന്നു മൊത്തവിതരണ സ്ഥാപനത്തിലേക്കു ഓണ്‍ലൈനായി മരുന്നുകൾ എത്തിച്ചു നൽകാമെന്നു വാഗ്്ദാനം ചെയ്തു ഒന്നേകാൽ ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് നൈജീരിയൻ സ്വദേശി ഇദുമെ ചാൾസ് ഒന്യാമയേച്ചിയെ (32) മഹാരാഷ്ട്രയിൽ നിന്നു അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇത്തരം തട്ടിപ്പുകൾക്കു ഉപയോഗിക്കുന്നതായി കണ്ടെത്തിയ അന്‍പതിലേറെ ബാങ്ക് അക്കൗണ്ടുകളുടെ പേരിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷം മുന്‍പാണ് മഞ്ചേരിയിലെ വ്യാപാരി കബളിപ്പിക്കപ്പെട്ടതു സംബന്ധിച്ചു പോലീസിൽ പരാതി ലഭിച്ചത്.
ഇതേതുടർന്നു സൈബർസെല്ലിന്റെയും നേരിട്ടുമുള്ള അന്വേഷണങ്ങൾക്കൊടുവിലാണ് കൂടുതൽ പേർ വലയിലാകുന്നത്. ഓണ്‍ലൈൻ തട്ടിപ്പുകൾക്കു നേതൃത്വം നൽകി വന്ന കാമറൂണ്‍ നോർത്ത് വെസ്റ്റ് റീജിയണ്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാംഗ്ജി കിലിയൻ കെങ്ങ് (27) എന്നിവരെയും സംഘാംഗങ്ങളായ രാജസ്ഥാനിലെ ചിറ്റോർഗഡ് കുംഭനഗർ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂർ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരെയും കഴിഞ്ഞ മാസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു.
ഇപ്പോൾ പിടിയിലായ ഇദുമെ ചാൾസിനെ മുന്‍പ് സമാനമായ കേസിൽ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇത്തരം കേസുകളിൽ പണം സ്വീകരിക്കുന്നതിന് ഏജന്റായി പ്രവർത്തിക്കുന്നയാളാണ് ഇദുമെ ചാൾസ് ഒന്യാമയേച്ചിയെന്നു അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
വിവിധ കന്പനികളുടേതെന്ന വ്യാജേന വെബ്സൈറ്റുകൾ തയാറാക്കി പലതരം ഉത്പന്നങ്ങൾ വിൽപനക്കെന്ന പേരിൽ പരസ്യം ചെയ്യുകയാണ് ഇവരുടെ തട്ടിപ്പു രീതി. വെബ്സൈറ്റിൽ ആരെങ്കിലും ഉത്പന്നങ്ങൾക്കായി സെർച്ച് ചെയ്താൽ ഉടനടി ഇവർക്കു മെസേജ് ലഭിക്കുകയും ഇവർ ഇ-മെയിൽ മുഖാന്തിരമോ മൊബൈൽ നന്പറുകൾ മുഖാന്തിരമോ ഇരകളെ ബന്ധപ്പെടുന്നു.
ഇര ഉത്പന്നം വാങ്ങാൻ തയാറാണെന്നു തോന്നിയാൽ കന്പനികളുടേതാണെന്നു വിശ്വസിപ്പിക്കുന്നതിനു വ്യാജമായി ലൈസൻസുകളും ഇതരരേഖകളും തയാറാക്കി അയച്ചുകൊടുക്കുംപിന്നീട് ഉത്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം അഡ്വാൻസായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കാൻ ആവശ്യപ്പെടും.പണം അടച്ചാൽ ഉത്പന്നം കൊറിയർ ചെയ്തതായും അതിന്റെ രേഖകളെന്നു കാണിച്ചു വ്യാജരസീതുകൾ അയച്ചു കൊടുക്കും.
ഏതാനും ദിവസങ്ങൾക്കു ശേഷം കൊറിയർ കന്പനിയിൽ നിന്നെന്ന മട്ടിൽ നിങ്ങൾക്കുള്ള കൊറിയർ പാക്കിംഗ് മോശമാണെന്നും അതിനു ഇൻഷ്വറൻസായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് ഇരക്ക് മെസേജ് ലഭിക്കും. ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാന്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.