നാദാപുരം: നാദാപുരം ആവോലം അയ്യപ്പക്ഷേത്രത്തിനുസമീപത്ത് ഐഇഡി ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ റേഞ്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തി.വ്യാഴാഴ്ച്ച ഉച്ചയോടെ നാദാപുരത്തെത്തിയ സംഘം നാദാപുരം ഡിവൈഎസ്പി വി.കെ.രാജുവുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം ബോംബ് സ്ക്വാഡുമായും ചര്‍ച്ചകള്‍ നടത്തുകയും ഐഇഡി ബോംബില്‍ ഉപയോഗിച്ച വസ്തുക്കള്‍ പരിശോധിക്കുകയും ചെയ്തു.
ബോംബ് കണ്ടെത്തിയ ആവോലം ടിപ്പു സുല്‍ത്താന്‍ റോഡിലെ ക്ഷേത്രത്തിനുസമീപത്തെ റോഡിലും പരിശോധനകള്‍ നടത്തി. റോഡുവഴി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാവുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്ഫോടനം ഉണ്ടാകുന്ന വിധത്തിലാണെന്ന് ബോംബ് നിര്‍മാണമെന്ന് സ്ക്വാഡ് പറഞ്ഞു. ടൈമര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കണക്ഷന് കൊടുത്തിട്ടില്ലെന്നും പറഞ്ഞു.
എന്നാല്‍ ബോംബിലുണ്ടായിരുന്ന സര്‍ക്യൂട്ട് ബോര്‍ഡില്‍ പ്രകമ്പനം ഉണ്ടായാല്‍ ഉഗ്രസ്ഫോടനത്തില്‍ പൊട്ടിത്തെറിക്കും. ഇത്തരത്തിലുള്ള ഐഇഡി ബോംബ് കേരളത്തിൽ ആദ്യമായാണ് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും നാദാപുരത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. റേഞ്ച് ബോംബ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ രാമചന്ദ്രന്, എസ്ഐ സക്കീര്‍, എഎസ്ഐ രാഗേഷ്,സ്ക്വാഡ് അംഗങ്ങളായ സുധീര്‍, മോഹനന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധിച്ചത്.