പട്ടിണിപ്പാവങ്ങളുടെ രാജ്യം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയെ ഇത്രയധികം വളര്‍ച്ചയും വരുമാനവുമുള്ള ഒരു രാജ്യമാക്കി മാറ്റിയതിലും മാറ്റുന്നതിലും നമ്മുടെ ഈ കൊച്ചു കേരളത്തിനുള്ള പങ്ക് ചെറുതൊന്നുമല്ല. കേരളത്തിനെങ്ങനെ ഇത് സാധിച്ചു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളു. വിദേശത്ത് കുടിയേറിയ മലയാളികള്‍. കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും കരകയറിയതും തങ്ങളുടെ കുടുംബത്തില്‍ നിന്ന് ജോലി സമ്പാദിച്ച് വിദേശത്തേക്ക് ചേക്കേറിയവരിലൂടെയാണ്. ഇപ്പോഴും മിക്ക കുടുംബങ്ങളും, ആളുകളും കാത്തിരിക്കുന്നു; തങ്ങളുടെ മക്കളിലൂടെ രക്ഷപ്പെടാന്‍. കാലം ഇത്രയും പുരോഗമിച്ചെന്ന് പറഞ്ഞാലും വിദേശത്തെത്തിപ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഐഇഎല്‍ടിഎസ് എന്ന ബാലികേറാമല തന്നെയാണ് ഇതിന് പ്രധാന തടസമായി നിലകൊള്ളുന്നത്. വിദേശത്ത് ഉപരിപഠനം നടത്തുന്നതിനും ജോലി ലഭിക്കുന്നതിനും ഐഇഎല്‍ടിഎസ് പാസാകേണ്ടിയിരിക്കുന്നു. മികച്ച രീതിയില്‍ കോഴ്സ് പാസാകുന്നവര്‍ക്ക് പോലും ഐഇഎല്‍ടിഎസ് എന്ന വില്ലന്‍ മുമ്പില്‍ തലകുനിക്കേണ്ടി വരാറുണ്ട്. എന്നാല്‍ പരീക്ഷയ്ക്കായി ഒരുങ്ങുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിഷ്പ്രയാസം ഉയര്‍ന്ന സ്കോറോടെ പാസാകാവുന്ന ഒന്നാണ് ഐഇഎല്‍ടിഎസ് പരീക്ഷ. കോച്ചിംഗ് പോലും നടത്താതെ ഐഇഎല്‍ടിഎസ് പാസായവരുണ്ടെന്ന് ഓര്‍ക്കണം. ചില നുറുങ്ങു വിദ്യകളിലൂടെ ഇവ സാധിക്കും. അവ ഏതൊക്കെയെന്ന് നോക്കാം.
ചെറുപ്പം മുതല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിച്ചു വന്നവര്‍ക്ക് ലിസണിംഗ് സെക്ഷന്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍ അങ്ങനെയല്ലാത്തവര്‍ക്ക് ലിസണിംഗ് എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ് ഇംഗ്ലീഷ് സിനിമകള്‍ കാണുക എന്നത്. സബ്ടൈറ്റിലുകള്‍ ഉള്ളവയാണെങ്കില്‍ ഉത്തമം. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സബ്ടൈറ്റില്‍ ഇല്ലാതെ മനസിലാക്കാന്‍ ശ്രമിക്കണം. ബിബിസിയുടെ വാര്‍ത്ത കേള്‍ക്കുന്നതും വളരെ നല്ലതാണ്. അടുപ്പിച്ച് അരമണിക്കൂര്‍ ശ്രദ്ധയോടെ കേട്ടിരിക്കണം. ഇയര്‍ഫോണോ ഹെഡ്സെറ്റോ വച്ച് കേള്‍ക്കുന്നത് വാക്കുകളും, ഉച്ചാരണവും അവയുടെ അര്‍ത്ഥവും വ്യക്തമായി മനസിലാക്കുന്നതിന് സഹായകമാകും. കേംബ്രിഡ്ജിന്റെ പരിശീലന പരീക്ഷകള്‍ ഇന്റര്‍നെറ്റിലൂടെയും മറ്റും ലഭ്യമാണ്. ലിസണിംഗില് ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കാന്‍ അതും സഹായകമാണ്.
സമയം പാലിക്കുന്നതിലാണ് റീഡിംഗ് ടെസ്റ്റിന്റെ സമയത്ത് പലരും പരാജയപ്പെടുന്നത്. ദിവസേന നിശ്ചിത സമയം വച്ച് ഒരു പത്രം മുഴുവന്‍ വായിച്ച് ശീലിക്കുന്നത് റീഡിംഗ് എന്ന കടമ്പ കടക്കാന്‍ സഹായിക്കും. പദസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും വ്യാകരണം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കും. സ്കിം സ്കാന്‍ ക്രമമാണ് ടെസ്റ്റിന്റെ സമയത്ത് സ്വീകരിക്കേണ്ടത്. ഒറ്റ നോട്ടത്തിലൂടെ പാസേജില്‍ കൊടുത്തിരിക്കുന്ന തിയതികള്‍, സ്ഥലനാമങ്ങള്‍ ഇവ കണ്ടെത്തണം. പിന്നീട് ചോദ്യം വായിക്കുമ്പോള്‍ അവയുടെ ഉത്തരങ്ങള്‍ ഏത് ഭാഗത്താണ് കാണുക എന്നത് പെട്ടെന്ന് മനസിലാക്കാം. സമയം ലാഭിക്കുന്നതിനും ഇത് സഹായകമാണ്. ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അത് ഒഴിവാക്കി അടുത്തതിലേയ്ക്ക് കടക്കുകയാണ് വേണ്ടത്. പരീക്ഷ അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരിക്കല്‍ക്കൂടി വിട്ടുകളഞ്ഞ ചോദ്യത്തിലേയ്ക്ക് തിരിച്ച് വരികയും ചെയ്യണം.
റൈറ്റിംഗിലാണ് ഭൂരിഭാഗം ആളുകള്‍ക്കും അടിപതറുന്നത്. മറ്റ് മൂന്നെണ്ണത്തിലും ഉയര്‍ന്ന സ്കോര്‍ കരസ്ഥമാക്കുന്നവര്‍ പോലും ഇവിടെ പരാജയപ്പെടുന്നു. റൈറ്റിംഗിന് ഉപകരിക്കുന്ന വിധത്തിലുള്ള വീഡിയോകള്‍ യൂറ്റിയൂബില്‍ ലഭ്യമാണ്. മാതൃകാ ഉപന്യാസങ്ങള്‍ കഴിയുന്നത്ര പരിശീലിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. വളച്ച് കെട്ടി എഴുതാതെ കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിക്കുന്നതാണ് ഉത്തമം. വാക്കുകളുടെ പരിധിയില്‍ ശ്രദ്ധ വയ്ക്കണം. വാചകങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കണം. ഒരേ വാക്ക് തന്നെ പല തവണ ഉപയോഗിക്കാതെ സമാനാര്‍ത്ഥ പദങ്ങള്‍ മാറിമാറി ഉപയോഗിക്കണം. ചോദ്യത്തിന്റെ എല്ലാവശങ്ങളെക്കുറിച്ചും ഉത്തരത്തില്‍ പ്രതിപാദിക്കുകയും ചെയ്യണം.
ആത്മവിശ്വാസമാണ് സ്പീക്കിംഗില്‍ പ്രധാനം. ഭയമോ വിറയലോ പാടില്ല. ചോദ്യം കൃത്യമായി മനസിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ചോദ്യം വ്യക്തമായില്ലെങ്കില്‍ ഒന്നുകൂടി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുക. കാടടച്ച് വെടിവയ്ക്കാതെ ചോദ്യവുമായി പൊരുത്തപ്പെടുന്ന ഉത്തരമാണ് പറയേണ്ടത്. അമിത വേഗത്തിലോ വളരെ സാവധാനമോ ഉത്തരം പറയരുത്. സാമാന്യമായ സ്പീഡില്‍ ഉത്തരം നല്‍കുക. നിര്‍ത്തി നിര്‍ത്തി വേണം മറുപടി പറയാന്‍. ദിവസേന അരമണിക്കൂര്‍ നിര്‍ത്താതെ ഇംഗ്ലീഷ് സംസാരിച്ച് ശീലിക്കുക എന്നതാണ് ഈ കടമ്പ കടക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഇത്തരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ വേഗത്തിലും എളുപ്പത്തിലും കൈയ്യെത്തി പിടിക്കാവുന്ന ഒന്നാണ് ഐഇഎല്‍ടിഎസ്.