യൂ ട്യൂബിലോ ടിവിയിലോ ഒരു പാചക വീഡിയോ കണ്ടാൽ അതു പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. അങ്ങനെ പരീക്ഷിക്കുന്നവരിൽ ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവില്ല.
കോഡൗണിലെ മയോബ്രിഡ്ജിൽനിന്നുള്ള വോഡഫോണിന്റെ ക്ലയന്റ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന ഐൻ ലിഞ്ചിന്റെ പാചക പരീക്ഷണം റെഡ്യായില്ല. റെഡിയായില്ലെന്നു മാത്രമല്ല. ഒരു സ്ഫോടനത്തിൽ മുഖവും ദേഹവും ഒരു പരുവമായി.
ടിവി ഷോ കണ്ട് ആരും പാചക പരീക്ഷണത്തിനു മുതിരരുതെന്നാണ് ഇപ്പോൾ പുള്ളിക്കാരിയുടെ ഉപദേശം.
ഒരു ബ്രേക്ക്ഫാസ്റ്റ് ബോംബ്
ശനിയാഴ്ച രാവിലെ, ഐനും ഭർത്താവ് ജോണിയും ഉണർന്നു. പത്തരയായപ്പോൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയേക്കാം എന്നു കരുതി അടുക്കളയിലെത്തിയ ഐൻ അപ്പോഴാണ് ഓർത്തത്, വ്യാഴാഴ്ച ലൂസ് വുമണ് എന്ന പരിപാടിയിൽ ഒരു അവതാരിക ഉണ്ടാക്കിയ മുട്ട വിഭവം ഒന്നു പരീക്ഷിച്ചേക്കാമെന്ന്.
പോച്ച്ഡ് എഗ്ഗായിരുന്നു അവർ ഉണ്ടാക്കിയത്. (Poched Egg-മുട്ട പൊട്ടിച്ചു വെള്ളക്കരുവും മഞ്ഞക്കരുവും ഒരുമിച്ചു തിളച്ച വെള്ളത്തിലിട്ട് അടുപ്പിലോ അല്ലെങ്കിൽ മൈക്രോവേവ് ഓവ്നിലോ വേവിച്ചെടുക്കുന്നു) ടിവിയിൽ അവതാരിക സഹ അവതാരകരെയും കാഴ്ചക്കാരെയുമൊക്കെ വിസ്മയിപ്പിച്ചുകൊണ്ടാണ് ഈ വിഭവം തയാറാക്കിയത്.
ടിവി ഷോയിൽ കണ്ടതുപോലെ ഐൻ പാചകം തുടങ്ങി.ഒരു പാത്രത്തിൽ പകുതി വെള്ളം നിറച്ചു മുട്ടയുടെ തോടു പൊട്ടിച്ചു മഞ്ഞക്കരുവും വെള്ളക്കരുവും ഒരുമിച്ച് അതിൽ ഇട്ട ശേഷം ഓവനിൽ വച്ചു.
ഒരു മിനിറ്റ് കഴിഞ്ഞു നോക്കുന്പോൾ മുട്ട പാത്രത്തിൽ നിന്നും പുറത്തെത്തി. ഇതെന്താണിങ്ങനെ എന്നു കരുതി ആ പാത്രം മാറ്റി മറ്റൊരു പാത്രം വച്ചു. തുടർന്ന് 50 സെക്കൻഡ് കഴിഞ്ഞപ്പോൾ ഓവൻ തുറന്നു പതിയെ പാത്രം പുറത്തെടുത്തു.
അടുത്ത നിമിഷം ബോംബ് പൊട്ടുന്നതു പോലെ ഒരു സ്ഫോടനം. പാത്രത്തിനകത്തെ മുട്ട പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ പാത്രത്തിലുണ്ടായിരുന്ന തിളച്ചുകൊണ്ടിരുന്ന വെള്ളം ഐന്റെ നെഞ്ചിലും കഴുത്തിലും മുഖത്തും പതിച്ചു. മുഖത്തേക്കു തീക്കനലുകൾ വർഷിച്ച അനുഭവം.
അലറി വിളിച്ചു
എന്തു ചെയ്യണമെന്ന് ഒരു നിമിഷം അറിയില്ലായിരുന്നു. മുഖം വേവുന്നു. അടുത്ത നിമിഷം ജോണി വരാൻ ഞാൻ അലറിക്കരഞ്ഞു.
എന്നിട്ടു കുളിമുറിയിലേക്ക് ഓടി നെഞ്ചിലേക്കും മുഖത്തേക്കും തണുത്ത വെള്ളം ഒഴിച്ചു കൊണ്ടിരുന്നു. രണ്ട് ഫ്ലാനലുകൾ (നേർത്ത കന്പിളിത്തുണി) ഉപയോഗിച്ചു മുറിവുകളെ തണുപ്പിച്ചു.
ഈ സമയം ജോണി ഞങ്ങളുടെ അടുത്തുള്ള ഒരു കെമിസ്റ്റിന്റെ അടുത്തേക്ക് ഓടി. അവിടുത്തെ പോൾ എന്ന ഫാർമസിസ്റ്റ് ക്രീമും പൊള്ളലേറ്റയിടത്തു വയ്ക്കാനുള്ള പാഡും നൽകി.
അതിനു ശേഷം ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്മെന്റിലേക്കു പോകാൻ നിർദേശിച്ചു. അഞ്ച് മണിക്കൂർ അവിടെ ചികിത്സയിലായിരുന്നു.
തിരിച്ചു പോരുന്പോൾ, ഒരു ബാഗ് നിറയെ വേദന സംഹാരികളും ലോഷനുകളും ഡ്രസിംഗിനുള്ള സാധനങ്ങളുമായാണ് വീട്ടിലേക്ക് മടങ്ങിത്- ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ഐൻ പറയുന്നു.
ഇത്രേയല്ലേ സംഭവിച്ചുള്ളൂ
ഇപ്പോൾ ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന ആശ്വാസത്തിലാണ്. കാരണം, പാചക സമയത്തു കുട്ടികളിലാരെങ്കിലും കൈയിലുണ്ടായിരുന്നെങ്കിലോ? ഐനിന് ഒാർക്കാൻകൂടി വയ്യ.
22 മാസവും 12 ആഴ്ചയും പ്രായമുള്ള രണ്ടു കുട്ടികൾ ഇവർക്കുണ്ട്. സാധാരണയായി ഇളയ കുഞ്ഞ് കൈയിൽ കാണേണ്ടതായിരുന്നു.
ഇതുപോലുള്ള ഹാക്കുകൾ പരീക്ഷിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ആളുകൾക്ക് അവബോധം പകരാനും മറ്റുള്ളവർക്കു മുന്നറിയിപ്പ് നൽകാനും കഴിയുമെന്നാണ് ഈ വീഡിയോയിലൂടെ ഐന്റെ പ്രതീക്ഷ.
ആ സംഭവത്തിനു ശേഷം എനിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടാണ്, അതിനാൽ ഞാൻ ഇപ്പോൾ ഉറക്ക ഗുളികകൾ കഴിക്കുന്നു. ഒരു മിനിറ്റ് സുഖമായിരിക്കുന്നു ഞാൻ അടുത്ത നിമിഷം കരയുന്നു.
ഭയപ്പെടുന്നു എന്റെ മുഖത്തു സ്ഥിരമായ മുറിവുകളുണ്ട്. അതൊക്കെ എങ്ങനെയായി തീരുമെന്ന ആശങ്ക ഇപ്പോഴുമുണ്ട് – വീഡിയോയിലൂടെ അവൾ പറഞ്ഞു.