തൃശൂർ: ഏത് ഗോവിന്ദൻ വന്നാലും തൃശൂർ താൻ എടുക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ ബിജെപിയുടെ പൊതുയോഗത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കണ്ണൂരിൽ മത്സരിക്കാൻ അവസരം നൽകണമെന്ന് അദ്ദേഹം കേന്ദ്രമന്ത്രി അമിത് ഷായോട് അഭ്യർഥിച്ചു.
താൻ മത്സരിക്കുന്ന കാര്യത്തിൽ രണ്ടു നേതാക്കന്മാർ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിൽ അവകാശമില്ല. അങ്ങനെ മത്സരിക്കുകയാണെങ്കിൽ തൃശൂർ അല്ലെങ്കിൽ കണ്ണൂർ നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
‘തൃശൂര്‍ എനിക്ക് വേണം. ഏത് ഗോവിന്ദൻ വന്നാലും. തൃശൂർ ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരെ നിങ്ങളെനിക്ക് തരണം. തൃശൂർ എടുത്തിരിക്കും. തൃശൂര്‍ മാത്രമല്ല കണ്ണൂരും വേണമെങ്കിൽ മത്സരിക്കും.
ഇരട്ട ചങ്കുണ്ടായത് ‘ലേല’ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാൻ എടുത്തിരിക്കും. ഒരു സംശയവും വേണ്ട.
2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാർഥിയാണെങ്കില്‍. രണ്ടു നേതാക്കന്മാര് മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍, അമിത് ഷായോട് ഞാൻ അപേക്ഷിക്കുന്നു.
ജയമല്ല പ്രധാനം, അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയാറാണ്’- സുരേഷ് ഗോപി പറഞ്ഞു.