ഉത്തരകൊറിയയുമായുള്ള യുദ്ധം മനുഷ്യരാശിക്കു തന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അണവായുധം പ്രയോഗിക്കപ്പെട്ടാല്‍ അത് രണ്ടാംലോകയുദ്ധത്തേക്കാള് വലിയ ദുരന്തമായി മാറും. യുദ്ധം അമേരിക്കയ്ക്കും ഉത്തരകൊറിയക്കും മാത്രമല്ല രാജ്യാന്തരതലത്തില്‍ തന്നെ വലിയ സാമ്പത്തിക അനിശ്ചിതാവസ്ഥക്കിടയാക്കുമെന്നും അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ആറു ദശാബ്ദത്തിനിടയില്‍ വച്ച് ഏറ്റവും മോശമായ അവസ്ഥയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നും എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചിക്കാനാവാത്തതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളമായ ഗുവാമിനെ ആക്രമിക്കാന്‍ ഉത്തരകൊറിയക്ക് പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കിയത്. അങ്ങനെ സംഭവിച്ചാല്‍ ഉത്തരകൊറിയയെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
അമേരിക്കയിലെത്താന്‍ ശേഷിയുള്ള രണ്ട് ആണവ ഭൂഖണ്ഡാന്തര മിസൈലുകള്‍ കൂടി ഉത്തരകൊറിയ പരീക്ഷിച്ചു. ഉത്തരകൊറിയ പ്രകോപനം തുടര്‍ന്നതോടെ ഐക്യരാഷ്ട്രസഭ അവര്‍ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കി. 1950-53കാലത്തുണ്ടായ കൊറിയന്‍ യുദ്ധത്തില്‍ അരലക്ഷത്തോളം അമേരിക്കക്കാര്‍ക്കും ലക്ഷക്കണക്കിന് കൊറിയക്കാര്‍ക്കുമാണ് ജീവന് നഷ്ടമായത്. അന്ന് ആയുധം നിലത്തുവെച്ചെങ്കിലും ഇരു കൊറിയകളും തമ്മില്‍ ഇന്നുവരെ സമാധാന കരാറിലെത്തിയിട്ടില്ല.
ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ 25 ദശലക്ഷത്തോളം പേരാണുള്ളത്. കൊറിയകള്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള യുദ്ധമുണ്ടായാല്‍ ഉത്തരകൊറിയ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ആയിരത്തിലധികം മിസൈലുകള്‍ ദക്ഷിണ കൊറിയയ്ക്കു ഭീഷണിയാണ്. അമേരിക്കയും കൊറിയയും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ദക്ഷിണ കൊറിയയെയും ജപ്പാനെയും ബാധിക്കും. ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായ ജപ്പാനും പതിനൊന്നാം സാമ്പത്തികശക്തിയായ ദക്ഷിണകൊറിയക്കുമുണ്ടാകുന്ന നഷ്ടങ്ങള്‍ ഏതെല്ലാം വിധത്തില്‍ രാജ്യാന്തരതലത്തില്‍ പ്രതിഫലിക്കുമെന്നത് അപ്രവചനീയമാണ്.