വണ്ടിപ്പെരിയാർ: 22000 രൂപയുടെ കള്ളനോട്ടുമായി യുവാവിനെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫി(22)നെയാണ് വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പോലീസ് ഡൈമുക്ക് ആറ്റോരത്തുള്ള സെബിൻ ജോസഫിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്.
500 രൂപയുടെ 44 കള്ളനോട്ടുകളാണ് പ്രതിയുടെ വീട്ടിലെ ബെഡ് റൂമിൽ മൊബൈൽ ഫോൺ കവറിനുള്ളിലായി സൂക്ഷിച്ചിരുന്നത്.
ചെന്നെെയിൽനിന്നാണ് നോട്ടിരട്ടിപ്പിനായി ഇരുപതിനായിരം രൂപ കൊടുത്ത് നാൽപ്പതിനായിരം രൂപ വാങ്ങിയതെന്നും ബാക്കി നോട്ടുകൾ ചെലവഴിച്ചതായും പ്രതി സമ്മതിച്ചതായി വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാർ പറഞ്ഞു.
അറസ്റ്റിലായ പ്രതിക്ക്മുൻപ് പല നിയമ വിരുദ്ധ ഇടപാടുകൾ ഉള്ളതായും മുൻപ് വണ്ടിപ്പെരിയാർ എസ്ബിഐ ശാഖയിൽ കള്ളനോട്ട് എത്തിച്ചെന്ന പരാതി ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു.
വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി. വിനോദ് കുമാർ . എഎസ്ഐ റെജി, സതീഷ് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തി പ്രതിയെ പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കള്ളനോട്ട് കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു പ്രതിയെ നാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.