കൊച്ചി: ആമയുടെ പുറത്ത് പണം വച്ചാല്‍ ഇരട്ടിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവന് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍.
ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന് മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ(28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എസ്.രതീഷ്, ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഷൊര്‍ണൂരില്‍നിന്ന് അറസ്റ്റു ചെയ്തത്.
കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളത്ത് ജോലി ചെയ്യുന്ന ഈ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ അവരുടെ 23 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.
മട്ടാഞ്ചേരിയില്‍ വച്ചാണ് സ്വര്ണാഭരങ്ങള് യുവതിയുടെ കൈയില്‍നിന്ന് വാങ്ങിയത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ സിപിഒമാരായ അജിലേഷ്, വിനീത്, വിപിന്‍ എന്നിവരും ഉണ്ടായിരുന്നു.