തൃത്താല: കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ഒന്നരവയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി വിദ്യാർഥിനി.
നാഗലശേരി വാവന്നൂർ ചാലിപ്പുറം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ശാഹിനയുടെയും മകൻ മുഹമ്മദ് ഹിസാം തഹാൻ കളിക്കുന്പോഴാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്.
ഐഷയുടെ സഹോദരി ഐഫ ഇതുകണ്ട് പിറകെ കിണറ്റിലേക്കെടുത്തു ചാടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ വെള്ളത്തിൽനിന്നു പൊക്കിയെടുത്തു ശരീരത്തോടു ചേർത്തുവച്ച് നീന്തിയും തുഴഞ്ഞും നിൽക്കുകയായിരുന്നു ഐഫ.
നിലവിളി കേട്ട് അയൽവാസികളായ അമിദും അബ്റാറും പിന്നാലെ കിണറ്റിലേക്കു ചാടി. കുഞ്ഞിനെ ഇവർ ഉയർത്തിനിർത്തി.
ഇതിനിടെ പോലീസും അഗ്നിശമനസേനയും കുതിച്ചെത്തി. വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി കുട്ടിയെ കരയ്ക്കെത്തിച്ചു . ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഐഫയെ കൈയടിച്ച് അഭിനന്ദിക്കുകയാണ് നാട്.