തിരുവനന്തപുരം: അഞ്ചു ദിവസമായി തലസ്ഥാന നഗരത്തെ സിനിമയുടെ ആസ്ഥാനമാക്കി മാറ്റിയ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ കൊടിയിറക്കം. പ്രളയദുരിതങ്ങളിൽ നിന്നും കരകയറുന്ന ജനതയ്ക്ക് കലയിലൂടെ അതിജീവനത്തിന്റെ സന്ദേശം പകർന്ന മേളയിൽ ഹോപ്പ് ആൻഡ് റീബിൽഡിംഗ് ഉൾപ്പെടെ 11 വിഭാഗങ്ങളിലായി 480 ലധികം പ്രദർശനങ്ങൾ ഒരുക്കിയാണ് നാളെ തിരശീല താഴുന്നത്. ലോക സിനിമാവിഭാഗത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിലെ 90 ലധികം ചിത്രങ്ങൾ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.
മത്സര വിഭാഗത്തിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങൾക്ക് വൻസ്വീകാര്യതയാണ് ഇക്കുറി മേളയിൽ ലഭിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മ.യൗ, വിപിൻ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്കറിന്റെ കോട്ടയം, ഉണ്ണികൃഷ്ണൻ ആവളയുടെ ഉടലാഴം, ആഷിക് അബുവിന്റെ മായാനദി, സക്കറിയയുടെ സുദാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.
ലൂയിസ് ഒർട്ടേഗയുടെ എൽ ഏയ്ഞ്ചൽ, കിർഗിസ് ചിത്രമായ നൈറ്റ് ആക്സിഡന്റ്, ബെഞ്ചമിൻ നൈഷ്ഠാറ്റിന്റെ റോജോ, മൻബികി കസോകുവിന്റെ ഷോപ്പ് ലിഫ്ടേഴ്സ്, അൽഫോണ്‍സോ കുവാറോണിന്റെ റോമ, അലി അബ്ബാസിയുടെ ബോർഡർ, ബെനഡിക്ട് ഏർലിങ്സണ്ണിന്റെ വുമണ്‍ അറ്റ് വാർ, മിൽകോ ലാസറോവിന്റെ ആഗ, വനൂരി കഹിയുവിന്റെ റഫീക്കി തുടങ്ങിയ ചിത്രങ്ങളുടെ ആവർത്തിച്ചുള്ള പ്രദർശനങ്ങളും പ്രേക്ഷകപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ലോക സിനിമാചരിത്രത്തിലെ വിസ്മയ പ്രതിഭ ഇഗ്മർ ബർഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രദർശിപ്പിച്ച ഡോക്യുമെന്ററിയടക്കം എട്ട് ചിത്രങ്ങൾക്കും പ്രേക്ഷകരുടെ ഇഷ്ടസിനിമകളായി. അഭ്രപാളിയിലെ ദൃശ്യകാവ്യങ്ങളാണ് ബർഗ്മാൻ ചിത്രങ്ങളേതെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഓരോ പ്രദർശനവും.
റിമംബറിംഗ് ദി മാസ്റ്റർ വിഭാഗത്തിൽ ചെക്ക് സംവിധായകനായ മിലോസ് ഫോർമാന്റെ ആറ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇതിഹാസകാരന്റെ പുരാവൃത്തമായി മാറിയ ലെനിൻ രാജേന്ദ്രൻ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. പദ്മരാജനോടുള്ള ആദര സൂചകമായി ചിത്രീകരിച്ച സുമേഷ് ലാലിന്റെ ഹ്യൂമൻസ് ഓഫ് സം വണ്‍ പത്മരാജന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പ്രദർശിപ്പിച്ചത്.
മേളയോടനുബന്ധിച്ച് പ്രധാന വേദിയായ ടാഗോർ തിയറ്ററിൽ വയലിനിസ്റ്റ് ബാലഭാസ്കറിന് ആദരവായി ഒരുക്കിയ സംഗീത സന്ധ്യകൾ ആസ്വാദകർക്ക് നവ്യാനുഭവം സമ്മാനിച്ചു. സമാപന ദിവസമായ നാളെ വിവിധ വിഭാഗങ്ങളിലായി 37 ചിത്രങ്ങളുടെ പ്രദർശനം നടക്കും. നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്കാരത്തിനർഹമായ ചിത്രത്തിന്റെ പ്രദർശനവും നടക്കും.
ബുൾബുൾ കാൻ സിംഗ് ഇന്ന് പ്രദർശിപ്പിക്കും
ഗിരീഷ് പരുത്തിമഠം
തിരുവനന്തപുരം: ബുൾബുൾ എന്ന തന്റെ പ്രിയപ്പെട്ട മകളെ പ്രഗത്ഭയായ ഗായികയായി കാണാനായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷെ, അവളുടെ നേർത്ത സ്വരത്തോട് സ്കൂളിലെ സംഗീതാധ്യാപകന് അത്ര മമതയുണ്ടായില്ല. എങ്കിലും അതൊന്നും ബുൾബുളിന് ഒരു പ്രശ്നമേയായില്ലായെന്നതാണ് വാസ്തവം. പൂക്കളുള്ള കുപ്പായവും ധരിച്ച് അവൾ മരങ്ങളിൽ വലിഞ്ഞു കയറി.
പുഴയിൽ തുള്ളിച്ചാടി. അവളുടെ എല്ലാ വികൃതിത്തരങ്ങൾക്കും കൂട്ടായി സ്കൂളിലെ കൂട്ടുകാരായ സോമുവും ബോണിയുമുണ്ടായിരുന്നു. ആണ്‍കുട്ടിയാണെങ്കിലും സോമുവിനെ സ്കൂളിലെ മറ്റു കുട്ടികൾ പെണ്ണായിട്ടാണ് പരിഗണിക്കുന്നത്. മാത്രമല്ല, അവർ അവനെ തരം കിട്ടുന്പോഴൊക്കെ പരിഹസിക്കാറുമുണ്ട്. പശുക്കളും ആടുകളും പന്നികളുമുള്ള, ടെലിഫോണ്‍ സൗകര്യമില്ലാത്ത അസാമിലെ ഗ്രാമത്തിലാണ് ബുൾബുൾ കാൻ സിംഗ് എന്ന സിനിമയിലെ കഥാപശ്ചാത്തലം.
ബോണിയെപ്പോലെ ബുൾബുളും ഒരു സുഹൃത്തുമായി പ്രണയത്തിലാകുന്നു. ഇതിനിടയിലാണ് നടുക്കുന്ന ആ സംഭവം ചിത്രത്തിനെ കൂടുതൽ ഗൗരവമായ തലത്തിലേയ്ക്ക് നയിക്കുന്നത്. ദേശീയ പുരസ്കാരം ഉൾപ്പെടെ വിവിധ ചലച്ചിത്രോത്സവങ്ങളിൽ അംഗീകരിക്കപ്പെട്ട വില്ലേജ് റോക്സ്റ്റാഴ്സ് എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ സംവിധായക റിമാ ദാസിന്റെ പുതിയ ചിത്രമായ ബുൾബുൾ കാൻ സിംഗ് കൗമാര മനസ്സിന്റെ സംഘർഷങ്ങളും പ്രണയവും അതിജീവനവും സ്വാതന്ത്ര്യവുമൊക്കെ ചർച്ച ചെയ്യുന്നുണ്ട്.
റിമ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ഛായാഗ്രഹണവും ചിത്രസന്നിവേശനവും ചെയ്തിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ബുൾബുൾ കാൻ സിംഗ് പ്രേക്ഷകർ കാത്തിരിക്കുന്നത് വളരെ പ്രതീക്ഷയോടെയാണ്.
എട്ടു ദിവസത്തെ മേളയ്ക്ക് നാളെ വിരാമമാകുന്പോൾ ഒരു പിടി മികച്ച ചിത്രങ്ങൾ പ്രദർശനത്തിനൊരുക്കിയെന്ന് സംഘാടകർ ചാരിതാർഥ്യമടയുന്പോൾ നിലവാരമുള്ള ചില സിനിമകൾ കാണാനായി എന്ന സംതൃപ്തിയിലാണ് ഭൂരിഭാഗം പ്രേക്ഷകരും