തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവവും സ്കൂൾ കലോത്സവവും ഒഴിവാക്കി. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
വലിയ ചെലവ് വരുന്ന ആഘോഷങ്ങൾ ഒഴിവാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഒരു വർഷത്തേക്ക് ഇത്തരം ആഘോഷങ്ങൾക്ക് പണം മുടക്കാതെ ദുരിതാശ്വാസ പ്രവർത്തനത്തിലേക്ക് ഈ പണം വകയിരുത്താനാണ് സർക്കാർ ആലോചിക്കുന്നത്.
ഇതിന് പുറമേ ടൂറിസം വകുപ്പിന്റെ മറ്റ് വകുപ്പുകളുടെയും ചില പരിപാടികൾ സർക്കാർ വേണ്ടെന്ന തീരുമാനത്തിലെത്തിയിട്ടുണ്ട്. ആഘോഷങ്ങൾ ഒഴിവാക്കാൻ എല്ലാ വകുപ്പുകളോടും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
സ്കൂൾ കലോത്സവം നടക്കേണ്ട ആലപ്പുഴ ജില്ലയിൽ പലയിടത്തും ഇപ്പോഴും വെള്ളം ഇറങ്ങാത്ത സ്ഥിതിയുണ്ട്. കുട്ടനാട് മേഖലയിലെ പല സ്കൂളുകളിലും നിലവിൽ ക്ലാസുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
ഓണത്തിന് മുൻപും നിരവധി അധ്യായന ദിവസങ്ങൾ വിദ്യാർഥികൾക്ക് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ കലോത്സവത്തിന് വേണ്ടി കൂടി അധ്യായന ദിവസങ്ങൾ നഷ്ടമാകുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.