തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. ചെലവ്ചുരുക്കി മേള നടത്തണമെന്നാണ് നിർദേശം. മേളയുടെ നടത്തിപ്പിന് പക്ഷേ, ഒരു രൂപപോലും സംസ്ഥാന സർക്കാർ നൽകില്ല. ഉദ്ഘാടന ചടങ്ങിന്റെയും സമാപന സമ്മേളനത്തിന്റെയും പകിട്ട് കുറയ്ക്കണമെന്നും സമാപന ചടങ്ങ് പുരസ്കാര വിതരണം മാത്രമാക്കി ചുരുക്കണമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡെലിഗേറ്റ് ഫീസ് വർധിപ്പിക്കണമെന്നും നിർദേശമുണ്ട്. നേരത്തെ 650 ആയിരുന്ന ഫീസ് ഇത്തവണ 1,500 എങ്കിലും ആക്കണമെന്നാണ് നിർദേശം. വിദ്യാർഥികളുടെ ഫീസ് ഇനത്തിലും വർധനവുണ്ടാകുമെന്നാണ് സൂചന. മേളയുമായി ബന്ധപ്പെട്ട മറ്റെല്ലാ പകിട്ടുകളും കുറയ്ക്കണമെന്നും വിദേശജൂറികളുടെ എണ്ണം കുറക്കണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
ഇത്തരം നിർദേശങ്ങൾ പാലിച്ച് മേള നടത്തുന്നതിന് സാംസ്കാരിക വകുപ്പ് നേരത്തെ തന്നെ സമ്മതംമൂളിയിരുന്നു. വകുപ്പ് മന്ത്രി ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറയി വിജയനെ ധരിപ്പിക്കുകയും അദ്ദേഹം അനുമതി നൽകുകയും ചെയ്തതോടെയാണ് ഇത്തവണയും മുടക്കം കൂടാതെ മേള നടക്കും എന്ന് ഉറപ്പായത്. പ്രളയക്കെടുതിയിൽ വൻ തകർച്ചയെ നേരിട്ട സംസ്ഥാനത്ത് സ്കൂൾ കലാ-കായിക-ശാസ്ത്ര മേളകളും ചലച്ചിത്രമേളയും ഇത്തവണ നടത്തേണ്ട എന്നായിരുന്നു സർക്കാരിന്റെ ആദ്യ നിലപാട്.
എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നതോടെ സ്കൂൾ കലോത്സവവും കായികമേളയും ശാസ്ത്രമേളയും ആഘോഷങ്ങൾ ഒന്നുമില്ലാതെ നടത്താൻ നിശ്ചയിച്ചിരുന്നു. കുട്ടികളുടെ ഗ്രേസ്മാർക്ക് നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തിൽ തീരുമാനത്തിൽ മാറ്റം വരുത്തുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം.
ഇതോടെ, ചലച്ചിത്രമേളയും നടത്തണമെന്ന് ആവശ്യം വീണ്ടും ശക്തമായി. ഇതിന് ചലച്ചിത്ര അക്കാദമി ചില നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സാ സംബന്ധമായി വിദേശത്തായതിനാൽ തീരുമാനം പിന്നീട് അറിയിക്കാമെന്ന് വകുപ്പ് മന്ത്രി അറിയിക്കുകയായിരുന്നു.