ന്യൂഡൽഹി/മുംബൈ: വരുംകാല ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള കൗമാര ലോകകപ്പിന് പന്തുരുണ്ട് തുടങ്ങി. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കാൽപ്പന്തുകളിയുടെ ലോക ടൂർണമെന്റിന് ഡൽഹിയിലും മുംബൈയിലും ഒരേസമയം കിക്കോഫ് നടന്നു. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊളംബിയയും ഘാനയും മാറ്റുരയ്ക്കുന്പോൾ നവി മുബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ യൂറോപ്യൻ കരുത്തരായ തുർക്കിയെ നേരിടുകയാണ് ന്യൂസിലൻഡ്.
ഇതിന് പുറമേ രാത്രി എട്ടിന് രണ്ടു കളികൾ കൂടി ഇന്നുണ്ട്. ആദ്യമായി ഒരു ഫുട്ബോൾ ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യ അമേരിക്കൻ കൗമാരനിരയോട് പന്ത് തട്ടിയാണ് തുടങ്ങുന്നത്. അതേസമയം ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വ കഴിഞ്ഞ തവണത്തെ റണ്ണേഴ് അപ്പായ മാലിയെ നേരിടും.
ആറു ഗ്രൂപ്പുകളിലായി 24 ടീമുകൾ മാറ്റുരയ്ക്കുന്ന കൗമാര ലോകകപ്പിന്റെ ഫൈനൽ 28ന് കോൽക്കത്തയിലെ പ്രശസ്തമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. ന്യൂഡൽഹി, കോൽക്കത്ത, കൊച്ചി, മുംബൈ, ഗോഹട്ടി, ഗോവ എന്നീ ആറു വേദികളിലായി 52 മത്സരങ്ങൾ നടക്കും. ലോകഫുട്ബോളിലെ അതികായരായ ബ്രസീൽ, ജർമനി, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, മെക്സിക്കോ, കൊളംബിയ, ചിലി മുതൽ ഗിനിയ, ഇറാൻ വരെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്നു. നൈജർ, ന്യൂ കാലിഡോണിയ എന്നീ രാജ്യങ്ങൾ ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയപ്പോൾ ആതിഥേയരെന്ന നിലയിൽ ഇന്ത്യക്കും ലോകകപ്പ് യോഗ്യത ലഭിക്കുകയായിരുന്നു.