തിരുവനന്തപുരം: ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 26 രാജ്യങ്ങളുടെ ഓസ്കാര്‍ എന്‍ട്രികള്‍ പ്രദര്‍ശിപ്പിക്കും.
അർജന്റീന, ചിലി, മെക്സിക്കോ, ജപ്പാൻ, മലേഷ്യ, ബെൽജിയം, പോളണ്ട്, തുർക്കി, ടുണീഷ്യ, യമൻ, ഇറാഖ്, ജോർദാൻ, ജർമനി, ഇറ്റലി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്കാർ എൻട്രികൾ ലഭിച്ച ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദർശിപ്പിക്കുന്നത്.
ഇതിൽ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉൾപ്പെടും. ടുണീഷ്യൻ സംവിധായിക കൗതർ ബെൻ ഹനിയ (ഫോർ ഡോട്ടേഴ്സ്), സെനഗൽ സംവിധായിക റമാറ്റാ ടൗലേ സി (ബനാൽ ആൻഡ് ആഡാമ), മെക്സിക്കൻ സംവിധായിക ലില അവ്ലെസ് (ടോട്ടം), മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു(ടൈഗർ സ്ട്രൈപ്സ്), ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെ (സ്ലോ) എന്നീ വനിതകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ഇത്തവണ ഹോമേജ് വിഭാഗത്തിൽ 12 പ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ ‘എ മൈനർ’, കെ.ജി.ജോർജിന്റെ യവനിക’ എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പ് എന്നിവ ഇതിൽപ്പെടും.
സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയുടെ ‘കസിൻ ആഞ്ചെലിക്ക’, ഇബ്രാഹിം ഗോലെസ്റ്റാൻ സംവിധാനം ചെയ്ത ‘ബ്രിക്ക് ആൻഡ് മിറർ’, ഫ്രഞ്ച് ചലച്ചിത്രകാരൻ ജാക്ക് റോസിയറിന്റെ ‘അഡിയൂ ഫിലിപ്പീൻ’, ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ ‘ദി ട്രീ ഗോഡസ്’, ടെറൻസ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റിൽ ലൈവ്സ്, വില്യം ഫ്രീഡ്കിൻ ചിത്രം ദി എക്സോർസിസ്റ്റ് എന്നീ ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ജെ സി ഡാനിയേൽ അവാർഡ് ജേതാവ് കെ രവീന്ദ്രനാഥൻ നായർ നിർമിച്ച വിധേയൻ , സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു സ്പീക്കിങ് ,2023 ൽ അന്തരിച്ച മാമുക്കോയയ്ക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പെരുമഴക്കാലം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ഈ മാസം 8 മുതൽ 15 വരെയാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുക.