തിരുവനന്തപുരം :കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 24 -ാമത് എഡിഷന് നാളെ തിരശീലയുയരും. എട്ടു ദിവസത്തെ ചലച്ചിത്രോത്സവത്തില്‍ 73 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 പ്രദര്‍ശനശാലകളും മേളയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. പന്ത്രണ്ടായിരത്തിലധികം ഡെലിഗേറ്റുകളും സിനിമാപ്രവർത്തകരും ചലച്ചിത്രപ്രേമികളും മേളയുടെ ഭാഗമാകും. നിശാഗന്ധിയിൽ നാളെ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി എ. കെ ബാലൻ അധ്യക്ഷനാകുന്ന യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥി ആകും. മലയാളത്തിന്റെ പ്രിയനായിക ശാരദയെ ചടങ്ങില്‍ ആദരിക്കും. ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് ഡോ. ശശി തരൂർ എംപി മേയർ കെ. ശ്രീകുമാറിന് നൽകി പ്രകാശനം ചെയ്യും. ഫെസ്റ്റിവൽ ബുള്ളറ്റിൻ വി.കെ. പ്രശാന്ത് എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനു നൽകി പ്രകാശിപ്പിക്കും.
കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത പാസ്ഡ് ബൈ സെൻസർ ആണ് ഉദ്ഘാടന ചിത്രം. ഈ തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് നാളെ നടക്കുന്നത്. ഒരു ജയിൽ ജീവനക്കാരന് ലഭിക്കുന്ന കത്തും അതെഴുതിയ വനിതയോട് ഉണ്ടാകുന്ന അടുപ്പവും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. മത്സരവിഭാഗത്തിലെ ഒൻപത് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിനും ഐ.എഫ്.എഫ്.കെ വേദിയാകും.
മത്സരവിഭാഗത്തിലെ മലയാള സാന്നിധ്യമായ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരം, മലയാള സിനിമ ഇന്നിൽ പ്രദർശിപ്പിക്കുന്ന സൈലെന്സര് എന്നീ മലയാള ചിത്രങ്ങളുടെയും ലോക സിനിമാ വിഭാഗത്തിലെ ഇറാനിയന്‍ ചിത്രം ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റിയുടെയും ആദ്യപ്രദര്‍ശനമാണ് മേളയിലേത്. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 40 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയായും ഇത്തവണത്തെ ചലച്ചിത്രമേള മാറും. ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും ഉള്‍പ്പെടെ പതിനാല് ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കും.
ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ 27 വനിതകളുടെ ചിത്രങ്ങള്‍ ഇപ്രാവശ്യത്തെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ മൺമറഞ്ഞ ആറ് പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.ഹോമേജ് വിഭാഗത്തിലൂടെ മൃണാൾ സെൻ,ഗിരീഷ് കർണാഡ്,ലെനിൻ രാജേന്ദ്രൻ, എം.ജെ രാധാകൃഷ്ണൻ, മിസ് കുമാരി, ടി.കെ പരീക്കുട്ടി എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിക്കുന്നത്. ഇവരുടെ ഏഴ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
വിഭജനാനന്തര യുഗോസ്ലാവിയന്‍ ചിത്രങ്ങള്‍, സമകാലിക പരീക്ഷണ സിനിമാ കാഴ്ചകളുമായി എക്സ്പെരിമെന്റാ ഇന്ത്യ, ചൈനീസ് ജീവിത വിശേഷങ്ങളുമായി ‘കൺട്രി ഫോക്കസ്’ എന്നിവയാണ് ഇത്തവണത്തെ മേളയുടെ മറ്റു ചില സവിശേഷതകള്‍. കാലിഡോസ്കോപ്പ് വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനും സി. ഷെരീഫ് സംവിധാനം ചെയ്ത കാന്തന് – ദി ലവര് ഓഫ് കളറും പ്രദര്‍ശിപ്പിക്കും. ഇവയടക്കം അഞ്ചു സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.