തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദർശനം ഇന്ന് ആരംഭിക്കും. പ്രധാനവേദിയായ ടാഗോർ തിയറ്ററിൽ മൂന്നും ധന്യ തിയറ്ററിൽ ഒരു ചിത്രവുമാണ് ഇന്ന് പ്രദർശനത്തിനുള്ളത്.
വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളർത്തുന്ന കറുത്ത വർഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ്, മൈക്കൽ ഇന്നസ് ചിത്രം ഫിലാസ് ചൈൽഡ്, അലൻ ഡെബർട്ടൻ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം പാകെരറ്റ്, സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ് മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റ് തുടങ്ങിയവയാണ് ആദ്യ ദിവസം ടാഗോറിൽ പ്രദർശിപ്പിക്കുക. ധന്യ തിയറ്ററിൽ ഉച്ചയ്ക്ക് മൂന്നിന് ജാപ്പനീസ് സംവിധായകനായ ജോ ഓഡഗിരിയുടെ ദേ സേ നത്തിംങ് സ്റ്റേയ്സ് ദി സെയിം എന്ന ചിത്രവും പ്രദർശിപ്പിക്കും.
ഒരു അനാഥ പെണ്‍കുട്ടിയുടെ കടന്നുവരവോടെ ടോയ്ച്ചി എന്ന കടത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രത്തിന്റെ പ്രമേയം.
കാൽപ്പന്ത് മാന്ത്രികന്റെ ജീവിത കഥ “ഡീഗോ മറഡോണ’
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ കാൽപ്പന്ത് മാന്ത്രികൻ ഡീഗോ മറഡോണയുടെ ജീവിത കഥയുടെ അഭ്രകാഴ്ച ’ഡീഗോ മറഡോണ’ ഇന്ന് പ്രദർശനത്തിനെത്തും. നാല് തവണ ബാഫ്റ്റ പുരസ്കാരം ലഭിച്ച ബ്രിട്ടീഷ് സംവിധായകൻ ആസിഫ് കപാഡിയ ഒരുക്കിയ ഈ ഡോക്യൂമെന്ററി സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിലാണ് വൈകുന്നേരം നിശാഗന്ധിയിൽ പ്രദർശിപ്പിക്കുന്നത്. ഫുട്ബോൾ ക്ലബായ ബാഴ്സലോണയിൽ നിന്ന് നാപോളിയിലേക്ക് റെക്കോർഡ് പ്രതിഫല തുകയ്ക്ക് മറഡോണ നടത്തിയ കൂടുമാറ്റത്തിന്റെ അനാവരണവും,യുവേഫ കപ്പ് വിജയത്തിന്റെ യഥാർത്ഥ രംഗങ്ങളും ചിത്രത്തിൽ ഉണ്ട്.
ഇൻ കോണ്‍വർസേഷൻ ഖൈരി ബെഷാറയും റസൂൽ പൂക്കുട്ടിയും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിഭകളുടെ സംഗമ വേദിയായ ’ഇൻ കോണ്‍വർസേഷൻ വിത്തി’ൽ ഇന്ന് പ്രശസ്ത ഈജിപ്ഷ്യൻ സംവിധായകനായ ഖൈരി ബെഷാറയും ശബ്ദ മിശ്രണത്തിലൂടെ ഓസ്കാർ നേടിയ മലയാളി റസൂൽ പൂക്കുട്ടിയും പങ്കെടുക്കും. ടാഗോർ തിയറ്ററിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഉച്യ്ചക്ക് 2:30 മുതൽ 3:30 വരെയാണ് പരിപാടി . ഈജിപ്ഷ്യൻ ചലച്ചിത്ര ലോകത്ത് റിയലിസ്റ്റിക് സിനിമകൾക്ക് പുതിയ മാനം നൽകിയ ഖൈരി ബെഷാറയുടെ ’മൂണ്‍ഡോഗ്’ എന്ന ഡോക്യൂഫിക്ഷൻ ചിത്രം മേളയിൽ ജൂറി വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.