തിരുവനന്തപുരം: സാങ്കേതിക രംഗത്തെ വളർച്ച സിനിമയ്ക്കു ഗുണപരമായ മാറ്റങ്ങൾ സമ്മാനിക്കുമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പഴയ ശൈലിയിലുള്ള സിനിമാ നിർമാണവും ശേഖരണവും ഇന്നും അനിവാര്യമാണെന്ന് ചിന്തിക്കുന്നതിൽ അർഥമില്ല.
സാങ്കേതിക മികവ് പ്രയോജനപ്പെടുത്തി മികച്ച ചിത്രങ്ങൾ നിർമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽസ് ഇൻ സ്ട്രീമിംഗ് ടൈംസ് എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ടു മറക്കുന്ന ടെലിവിഷൻ രീതിയിലേക്ക് സിനിമ മാറുന്നത് വലിയ അപകടമാണ്. സിനിമ അഭ്രപാളിയിൽ തന്നെ സൂക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മേളയില്‍ ഇന്ന് 52 സിനിമകൾ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് കാഴ്ചയുടെ വൈവിധ്യങ്ങളുമായി 52 സിനിമകൾ. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പാസ്ഡ് ബൈ സെൻസറും പ്രേക്ഷകരുടെ ആവശ്യപ്രകാരം പുന:പ്രദർശനം നടത്തുന്ന നോ ഫാദേഴ്സ് ഇൻ കാശ്മീരും ആണ് ഇതിൽ പ്രധാനം. രാത്രി 8:30 ന് നിശാഗന്ധിയിലാണ് അശ്വിൻ കുമാർ സംവിധാനം ചെയ്ത നോ ഫാദേഴ്സ് ഇൻ കശ്മീരിന്റെ പ്രദർശനം. 35 സിനിമകളുടെ അവസാന പ്രദർശനമാണ് ഇന്ന് നടക്കുക. മത്സര വിഭാഗത്തിൽ അഹമ്മദ് ഗൊസൈന്റെ ഓൾ ദിസ് വിക്ടറി, ബോറിസ് ലോജ്കൈന്റെ കാമിൽ എന്നീ സിനിമകൾ ഉൾപ്പടെ ഏഴു ചിത്രങ്ങൾ പ്രദർശനത്തിനെത്തും.
ഗുട്ടറസിന്റെ വേർഡിക്ട്, ലാജ് ലിയുടെ ലെസ് മിസറബിൾസ്, എംറേ കാവുകിന്റെ ഡിജിറ്റൽ ക്യാപ്റ്റിവിറ്റി എന്നിവ ഉൾപ്പടെ ലോക സിനിമാ വിഭാഗത്തിൽ 21 സിനിമകൾ ആണ് ഇന്നു പ്രദർശിപ്പിക്കുക. പ്രശസ്ത സംവിധായകൻ രാജീവ് മേനോന്റെ റിഥം ഈസ് എവെരിവെയർ എന്ന സിനിമയും ഇന്ന് പ്രദർശനത്തിനെത്തും. ഇറാനി ചിത്രം കാസിൽ ഓഫ് ഡ്രീംസിന്റെ പ്രദർശനം ഉച്ചയ്ക്ക് 12 ന് ശ്രീ തീയേറ്ററിൽ നടക്കും.
അതേസമയം ചലച്ചിത്രോത്സവത്തിന്റെ അഞ്ചാം ദിനമായിരുന്ന ഇന്നലെ ഇറാഖിലെ സാമൂഹികജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്ന ഹൈഫാ സ്ട്രീറ്റ് ശ്രദ്ധ നേടി. ബാഗ്ദാദിലെ ഹൈഫാ സ്ട്രീറ്റിൽ നടക്കുന്ന ഒരു കൊലപാതകത്തെ ആസ്പദമാക്കി മോഹനാദ് ഹയാൽ ആണ് ഹൈഫാ സ്ട്രീറ്റ് ഒരുക്കിയിരിക്കുന്നത്. മറാത്തി സംവിധായകനായ സമീർ വിദ്വാൻസ് സംവിധാനം ചെയ്ത ബയോപിക് ചിത്രം ആനന്ദി ഗോപാലും പ്രേക്ഷകശ്രദ്ധ നേടി.
കാലിഡോസ്കോപ്പ് വിഭാഗത്തിൽ അപർണ സെൻ സംവിധാനം ചെയ്ത ദി ഹോം ആൻഡ് ദി വേൾഡ് ടുഡേ എന്ന ചിത്രവും നിറഞ്ഞ സദസിലായിരുന്നു പ്രദർശിപ്പിച്ചത്. ബോറിസ് ലോജ്കൈൻ സംവിധാനം ചെയ്ത കാമിൽ, ടൊറന്േറാ മേളയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ, ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ലിജോ ജോസ് പല്ലിശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്ത ജെല്ലിക്കെട്ട് എന്നിവയും പ്രേക്ഷകസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി.
ചലച്ചിത്രോത്സവത്തോടനുബന്ധിച്ചു ഇന്നലെ നടത്തിയ ഓപ്പണ്‍ ഫോറത്തിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. നവമാധ്യമങ്ങളിലെ സിനിമാ നിരൂപണം ആധികാരികമല്ലെന്നും ആർക്കും ഒരു സിനിമാ നിരൂപകനാകാവുന്ന സ്ഥിതിയാണ് ഉള്ളതെന്നും ക്രൊയേഷ്യൻ ചലച്ചിത്ര നിരൂപകയായ ഇറ്റമി ബോർജൻ ഓപ്പണ്‍ ഫോറത്തിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ ചലച്ചിത്രങ്ങളുടെ വിവരങ്ങൾ വിശാലമായ ഒരു ലോകത്തേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ അതിന്റെ ആധികാരികത പരിശോധിക്കേണ്ടതാണെന്നും അവർ പറഞ്ഞു. ബംഗ്ലാദേശി ചലച്ചിത്ര നിരൂപകയായ സാദിയാ ഖാലിദ്, ജി.വി. രാമചന്ദ്രൻ, ഇസ്രയേൽ ചലച്ചിത്ര നിരൂപകനായ നാച്ചും മൊഷിയാഹ് തുടങ്ങിയവർ പങ്കെടുത്തു.