കാഞ്ഞിരപ്പള്ളി: ഭക്ഷണ സാധനങ്ങൾക്ക് പകുതി വില നൽകിയാൽ വയറു നിറയെ ഭക്ഷണം കഴിക്കാം. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ പഴയപള്ളി ജംഗ്ഷനു സമീപം കപ്പപ്പറമ്പ് ലെയ്നിൽ കാഞ്ഞിരവിളയിൽ ഷുക്കൂർ ഇക്കാന്റെ ഇഫ്താർ ഫുഡ് സ്റ്റോറിലാണ് വില കുറച്ച് ഭക്ഷണം നൽകുന്നത്. രാവിലെ 6.30 മുതൽ 10.30 വരെയും വൈകുന്നേരം 4.30 മുതൽ 7.30 വരെയുമാണ് ഇഫ്താർ ഫുഡ് സ്റ്റോറിന്റെ സമയം.
രുചിയേറിയ ഭക്ഷണ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സാധനങ്ങൾ വില കുറച്ച് വിൽക്കുന്നതെന്ന് ഷുക്കൂർ പറഞ്ഞു. ഭക്ഷണ സാധനങ്ങളിൽ കൊഴുപ്പോ കളറോ രുചിയോ കുട്ടാൻ യാതൊരു ഐറ്റവും ചേർക്കാതെ തനി നാടൻ രീതിയിൽ ഭക്ഷണ സാധനങ്ങൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കുകയാണ് ഷുക്കൂറിന്റെ ലക്ഷ്യം.
ഭക്ഷണം പാഴ്സൽ വാങ്ങുന്നതിനായി ഷുക്കൂറിന്റെ ഇഫ്താർ ഫുഡ് സ്റ്റോറിൽ ഉപഭോക്താതാക്കളുടെ തിരക്കേറെയാണ്. പൊറോട്ടയ്ക്ക് ആറു രൂപയാണ് വില. ചപ്പാത്തി, അപ്പം, ദോശ, ഇഡ്ഡലി, ഇടിയപ്പം എന്നിവയ്ക്ക് അഞ്ചു രൂപ മാത്രം. പച്ചക്കപ്പ പുഴുങ്ങിയ ഒരു സെറ്റിന് 15 രൂപയും നൈസ് പത്തിരിക്ക് 2.50 രൂപയും കടലക്കറി, കിഴങ്ങ് കറി എന്നിവയ്ക്ക് പത്തുരൂപയും മുട്ടക്കറിക്ക് 15 രൂപയുമാണ് വാങ്ങുന്നത്. പച്ചമീൻ കറിക്ക് മുപ്പതു രൂപയാണ് വില.
ഒരു മാസത്തിനു ശേഷം ദേശീയപാത 183 ന്റെ ഓരത്ത് കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിനു സമീപത്ത് മറ്റൊരു കടയും തുറക്കാൻ ഷുക്കൂറിന് പ്ലാനുണ്ട്. അമിതലാഭം വാങ്ങി ഭക്ഷണ സാധനങ്ങൾ വിൽക്കരുതെന്ന നിശ്ചയത്തിലാണ് ഷുക്കൂറിന്റെ ഹോട്ടൽ നടത്തിപ്പ്.